രാമ ജന്മഭൂമി-ബാബറി മസ്ജിദ് ഭൂമിതര്‍ക്കം: വാദം കേള്‍ക്കള്‍ ഇന്ന് അവസാനിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്


ന്യൂഡല്‍ഹി∙ രാമ ജന്മഭൂമി-ബാബറി മസ്ജിദ് ഭൂമി തര്‍ക്കത്തിലെ പ്രതിദിന വാദം കേള്‍ക്കല്‍ 40–ാം ദിനമായ ഇന്ന് അവസാനിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അറിയിച്ചു. നവംബര്‍ 17 ന് ചീഫ് ജസ്റ്റിസ് സ്ഥാനമൊഴിയുന്നതിനുമുമ്പ് വിധി പ്രഖ്യാപിക്കുമെന്നാണു കരുതുന്നത്. കോടതി വിധി വരുമ്പോള്‍ സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തില്‍ അയോധ്യയില്‍ നാലോ അതില്‍ കൂടുതലോ ആളുകള്‍ കൂട്ടം ചേരുന്നത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിരോധിച്ചു. 

രാമന്റെ ജന്മസ്ഥലമെന്ന് വിശ്വസിക്കുന്ന സ്ഥലത്തിനായി നൂറ്റാണ്ടുകളായി ഹിന്ദുക്കള്‍ പോരാടുകയാണെന്നും മുസ്ലിംകള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന ഏതു പള്ളിയിലും പ്രാര്‍ത്ഥിക്കാമെന്നും ചൊവ്വാഴ്ച കക്ഷികളിലൊരാളായ രാം ലല്ലാ വിരാജ്മനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ പരാശരന്‍ വാദിച്ചു. അയോധ്യയില്‍ മാത്രം 55-60 പള്ളികളുണ്ട്. എന്നാല്‍ ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം ഇത് രാമന്റെ ജന്മസ്ഥലമാണ്. ജന്മസ്ഥലം മാറ്റാന്‍ കഴിയില്ല'– അദ്ദേഹം പറഞ്ഞു.
എന്നാല്‍ 1989 വരെ അയോധ്യയിലെ ഭൂമിയില്‍ ആരും അവകാശവാദമുന്നയിച്ചിരുന്നില്ലെന്നു മുസ്ലിം സംഘടനകള്‍ അറിയിച്ചു. 1992 ഡിസംബറില്‍ പൊളിക്കപ്പെടുന്നതിനു മുമ്പുണ്ടായിരുന്ന ബാബറി മസ്ജിദ് പുനസ്ഥാപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അയോധ്യയിലെ 2.77 ഏക്കര്‍ സ്ഥലം മൂന്ന് കക്ഷികള്‍ക്കിടയില്‍ (സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഘാര, രാം ലല്ല) തുല്യമായി വിഭജിക്കണമെന്ന 2010 ലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായി 14 അപ്പീലുകളാണു സമര്‍പ്പിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ച് ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ച് ഓഗസ്റ്റ് 6 ന് ദൈനംദിന നടപടികള്‍ ആരംഭിച്ചു. തര്‍ക്കത്തിന് രമ്യമായ പരിഹാരം കണ്ടെത്താന്‍ നടത്തിയ മധ്യസ്ഥ നടപടികള്‍ പരാജയപ്പെട്ടിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed