ഉന്നാവൊ അപകടം പുനഃസൃഷ്ടിച്ച് സിബിഐ
റായ്ബറേലി: ഉന്നാവ് പെണ്‍കുട്ടിക്കെതിരെ നടന്ന വാഹനാപകടം പുനഃസൃഷ്ടിച്ച് സിബിഐ. കേന്ദ്ര ഫൊറന്‍സിക് സംഘത്തിന്റെ സാന്നിധ്യത്തില്‍ റായ്ബറേലിക്കടുത്താണ് അപകടത്തിന്റെ പുനഃരാവിഷ്‌കാരം നടന്നത്. അതേസമയം, കേസിലെ ഒന്നാംപ്രതി കുല്‍ദീപ് സിംഗ് സെന്‍ഗറിനെ സീതംപൂര്‍ ജയിലില്‍ സിബിഐ ചോദ്യം ചെയ്യും.
ദുരൂഹത നിറഞ്ഞ വാഹനാപകടം സിബിഐയും കേന്ദ്ര ഫൊറന്‍സിക് സംഘവും ചേര്‍ന്നാണ് പുനഃസൃഷ്ടിച്ചത്. ട്രക്കിന്റെ പിന്‍ഭാഗം പെണ്‍കുട്ടി സഞ്ചരിച്ച കാറിന്റെ മുന്നില്‍ ഇടിച്ചത് എങ്ങനെയെന്ന് കണ്ടെത്തുകയായിരുന്നു അന്വേഷണം സംഘത്തിന്റെ ലക്ഷ്യം. കാറിലിടിച്ച ട്രക്കിന്റെ അതേ മോഡല്‍ ഉപയോഗിച്ചായിരുന്നു അപകടപുനഃരാവിഷ്‌കരണം. വിദഗ്ധനായ ഡ്രൈവര്‍ക്ക് മാത്രമെ ഇത്തരത്തില്‍ വാഹനം ഇടിപ്പിക്കാന്‍ കഴിയുവെന്നാണ് അന്വേഷണം സംഘം വിലയിരുത്തുന്നത്. ട്രക്ക് ഡ്രൈവര്‍ സ്വയരക്ഷ ഉറപ്പാക്കി കൃത്യം നടത്തിയതാകാമെന്നും സംഘം വിശ്വസിക്കുന്നു.
കേസ് അന്വേഷണത്തിനായി 25 അംഗസംഘത്തെയാണ് സിബിഐ നിയോഗിച്ചിരിക്കുന്നത്. എസ്പി, എഎസ്പി, ഡിഎസ്പി, ഇന്‍സെപ്കടര്‍, സബ് ഇന്‍സ്‌പെക്ടര്‍ അടക്കമുള്ളവരാണ് സംഘത്തില്‍. കേസില്‍ 14 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

