ബി.ജെ.പിക്കും വിമത എം.എല്‍.എമാര്‍ക്കുമെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തി കുമാരസ്വാമി വിശ്വാസപ്രമേയം അവതരിപ്പിച്ചു
ബംഗലൂരു: രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന കര്‍ണാടകയില്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി വിധാന്‍ സൗധയില്‍ വിശ്വാസ പ്രമേയം അവതരിപ്പിച്ചു. ബി.ജെ.പിക്കും വിമത എം.എല്‍.എമാര്‍ക്കുമെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിക്കൊണ്ടാണ് കുമാരസ്വാമി പ്രമേയം അവതരിപ്പിച്ചത്.
സഖ്യ സര്‍ക്കാരിനെ നയിക്കാന്‍ കഴിയുമോ ഇല്ലായോ എന്നതല്ല വിഷയം. ചില എം.എല്‍.എമാരുടെ പ്രവൃത്തികൊണ്ട് സ്പീക്കറുടെ അധികാരങ്ങള്‍ പോലും ഭീതിയിലായെന്ന് കുമാരസ്വാമി വിമര്‍ശിച്ചു. സുപ്രീം കോടതി വിധിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. സര്‍ക്കാരിനെതിരെ ഉയര്‍ത്തിയിരിക്കുന്നത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ്. വിമതരെ സുപ്രീം കോടതിയില്‍ എത്തിച്ചത് ബി.ജെ.പിയാണെന്നും കുമാരസ്വാമി ആരോപിച്ചു. ഭരണകക്ഷിക്ക് നിലവില്‍ 100 അംഗങ്ങളുടെ പിന്തുണയാണുള്ളത്. അധികാരവും പദവിയും താത്ക്കാലികമാണ്. സ്പീക്കറെ പോലും പ്രതിപക്ഷം സംശയിക്കുന്നത് നിര്‍ഭാഗ്യകരമാണ്. ഐഎംഐ തട്ടിപ്പ്, വരള്‍ച്ച മറ്റ് ഭരരണപരമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുണ്ട്. കഴിഞ്ഞ 14 മാസത്തിനിടെ സഖ്യ സര്‍ക്കാരിന് എന്തൊക്കെ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞുവെന്ന് ജനങ്ങള്‍ അറിയണമെന്നും കുമാരസ്വാമി പറഞ്ഞു.
ഒരു ദിവസം തന്നെ മൂന്നു പാര്‍ട്ടികള്‍ മാറിയ എം.എല്‍.എമാര്‍ വരെ ഇവിടെയുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പരിഹസിച്ചു. കോണ്‍ഗ്രസ് നേതാവ് ഡി.കെ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് സഭ ബഹളത്തില്‍ മുങ്ങി. അംഗങ്ങള്‍ സഭയുടെ അന്തസ്സ് പാലിക്കണമെന്ന് സ്പീക്കര്‍ രമേശ് കുമാര്‍ അംഗങ്ങള്‍ക്ക് റൂളിംഗ് നല്‍കി.
അതേസമയം, വിമത എം.എല്‍.എമാര്‍ ഇന്ന് വിധാന്‍ സൗധയില്‍ എത്തിയിട്ടില്ല. തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതായും രാജിയില്‍ നിന്ന് പിന്നോട്ടില്ലെന്നും രാമലിംഗ റെഡ്ഡിയെ പിന്തുണയ്ക്കില്ലെന്നും ഒരു വിമത എം.എല്‍.എ പ്രതികരിച്ചു. ബി.എസ്.പി എം.എല്‍.എ എന്‍.മഹേഷും ഇന്ന് വിധാന്‍ സൗധയില്‍ എത്തിയിട്ടില്ല. ചര്‍ച്ചയ്ക്ക് സമയപരിധി നിശ്ചയിക്കണമെന്ന് യെദ്യൂരപ്പ ആവശ്യപ്പെട്ടു.

