പീഡനക്കേസിൽ ബിനോയ് കോടിയേരിക്ക് കർശന ഉപാധികളോടെ മുൻകൂർ ജാമ്യം


മുംബൈ: ബിഹാർ യുവതി നൽകിയ ബലാത്സംഗക്കേസിൽ ബിനോയ് കോടിയേരിക്ക് കർശന ഉപാധികളോടെ മുൻകൂർ ജാമ്യം ലഭിച്ചു. മുംബൈ ദിൻദോഷിയിലെ സെഷൻസ് കോടതിയാണ് ബിനോയി നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ അനുകൂല വിധി പുറപ്പെടുവിപ്പിച്ചത്.

പോലീസ് ആവശ്യപ്പെട്ടാൽ ഡിഎൻഎ പരിശോധനയ്ക്ക് തയ്യാറാകണം. ഇതിനായി രക്ത സാമ്പിളുകളടക്കം കൈമാറണം. ജാമ്യത്തുകയായി 25,000 രൂപ കെട്ടിവെക്കണം. ഒരു മാസക്കാലം എല്ലാ തിങ്കളാഴ്ചയും പോലീസ് സ്റ്റേഷനിൽ ഹാജരാകണം. സാക്ഷികളെ ഒരു തരത്തിലും സ്വാധീനിക്കാൻ പാടില്ല തുടങ്ങിയ  ഉപാധികളോടെയാണ് കോടതി ബിനോയിക്ക് മുൻകൂർ ജാമ്യം നൽകിയിരിക്കുന്നത്.

ബിനോയിയുടേയും പരാതിക്കാരിയായ യുവതിയുടേയും വാദങ്ങൾ കോടതി കഴിഞ്ഞ ദിവസം കേട്ടിരുന്നു. ഇതിന് ശേഷമാണ് വിധി പറഞ്ഞിരിക്കുന്നത്.

ഡിഎൻഎ പരിശോധന വേണമെന്ന യുവതിയുടെ അഭിഭാഷകന്റെ ആവശ്യം ബിനോയിയുടെ അഭിഭാഷകൻ കോടതിയിൽ തള്ളിയിരുന്നു. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ ഡിഎൻഎ പരിശോധനയിലേക്ക് കടക്കേണ്ടതില്ലെന്നാണ് അഭിഭാഷകൻ പറഞ്ഞിരുന്നത്. എന്നാൽ പോലീസ് ആവശ്യപ്പെടുകയാണെങ്കിൽ ബിനോയ് ഡിഎൻഎ പരിശോധനക്ക് വിധേയനാകേണ്ടി വരുമെന്ന് തന്നെ മുൻകൂർജാമ്യം നൽകി കൊണ്ട് കോടതി ഉത്തരവിട്ടിട്ടുണ്ട്.

ബലാത്സംഗ കുറ്റം ആരോപിക്കാനുള്ള തെളിവുകൾ വാദിഭാഗത്തിന്റെ പക്കലില്ല. എഫ്.ഐ.ആറിലും യുവതി നൽകിയ പരാതിയിലുമുള്ള കാര്യങ്ങൾ തമ്മിൽ പൊരുത്തക്കേടുണ്ട്. വിവാഹം നടന്നതടക്കം യുവതി കോടതിയിൽ ഹാജരാക്കിയ രേഖകൾ വ്യാജമാണ്. രേഖകളിലെ ഒപ്പും വ്യാജമായി നിർമിച്ചതാണെന്നും ബിനോയിയുടെ അഭിഭാഷകൻ വാദത്തിനിടെ കോടതിയിൽ പറഞ്ഞിരുന്നു.

അതേസമയം കുട്ടിയുടെ അച്ഛൻ ബിനോയ് ആണെന്നതിന് തെളിവ് പാസ്പോർട്ടെന്നായിരുന്നു യുവതിയുടെ വാദം. യുവതിയുടെ പാസ്പോർട്ടിലും ഭർത്താവിന്റെ പേര് ബിനോയ് എന്നാണ്. ആദ്യ വിവാഹം ബിനോയ് മറച്ചുവച്ചു. ബിനോയിയും അമ്മയും നിരന്തരം ഭീഷണിപ്പെടുത്തിയെന്നും യുവതി ചൂണ്ടിക്കാട്ടി. കുട്ടിയെ തട്ടിക്കൊണ്ടു പോകുമെന്നുവരെ ഭീഷണി ഉണ്ടായെന്ന് യുവതി കോടതിയിൽ പറഞ്ഞു.കഴിഞ്ഞ ആഴ്ച കേസ് പരിഗണിച്ച കോടതി യുവതിയുടെ വാദം വീണ്ടും കേൾക്കാമെന്ന് പറഞ്ഞിരുന്നു. അതിനാൽ ഇന്നലെ കൂടുതൽ വാദവുമായി യുവതി കോടതിയെ സമീപിച്ചു. യുവതിയുടെ അഭിഭാഷകൻ വാദങ്ങൾ കോടതിയിൽ എഴുതി നൽകുകയും ചെയ്തിരുന്നു.

വിവാഹ വാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തിൽ 8 വയസ്സുള്ള കുട്ടിയുണ്ടെന്നുമാണ് ദുബായിൽ ബാർ ഡാൻസറായിരുന്ന ബിഹാർ സ്വദേശി പരാതി നൽകിയത്. 2009 മുതൽ 2018 വരെ പീഡിപ്പിച്ചെന്നു പരാതിയിൽ പറയുന്നു. 2018ലാണ് ബിനോയ് വിവാഹതിനാണെന്ന കാര്യം അറിയുന്നതെന്നും അവർ ആരോപിക്കുന്നു. ഇൗ മാസം 13 നാണ് എഫ്ഐർ റജിസ്റ്റർ ചെയ്തത്..

You might also like

  • Lulu Exchange
  • Straight Forward

Most Viewed