പൊതുനിരത്തിലോടുന്ന സ്വകാര്യ വാഹനങ്ങളും ‘പൊതുസ്ഥലം: സുപ്രീംകോടതി
ഡൽഹി: പൊതുവഴികളിലൂടെ കടന്നുപോകുന്ന സ്വകാര്യ വാഹനങ്ങളും ‘പൊതുസ്ഥല’മെന്ന് സുപ്രീംകോടതി. ‘പൊതുസ്ഥലം’ എന്ന നിർവചനത്തിൽ ഇത്തരം സ്വകാര്യ വാഹനങ്ങളും ഉൾപ്പെടുമെന്നും അതുകൊണ്ടു തന്നെ പൊതുസ്ഥലത്ത് നിയമം കൊണ്ട് പാടില്ലാത്തതൊന്നും സ്വകാര്യ വാഹനങ്ങളിലും പാടില്ലെന്നും സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടു.
ജസ്റ്റിസ് അശോക് ഭൂഷൺ, ജസിറ്റ്‌സ് കെ.എം ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്. ജാർഖണ്ഡിൽ നിന്ന് ബിഹാറിലേയ്ക്ക് സ്വന്തം കാറിൽ വരും വഴി മദ്യപിച്ച നിലയിൽ അറസ്റ്റിലായ സത്‌വീന്ദർസിംഗ് എന്നയാൾ പട്‌ന ഹൈക്കോടതി വിധിക്കെതിരെ നൽകിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. സ്വകാര്യ വാഹനത്തിനുള്ളിൽ എന്തുനടക്കുന്നു എന്ന കാര്യത്തിൽ ഇടപെടാന്‍ മറ്റുള്ളവർക്ക് അവകാശമില്ലെന്നും അറസ്റ്റ് ചെയ്യപ്പെട്ട സമയത്ത് താന്‍ മദ്യപിക്കുകയോ മദ്യം കൈവശം വെക്കുകയോ ചെയ്തിരുന്നില്ലെന്നും ആയിരുന്നു ഹർജിക്കാരന്റെ വാദം.

