പശുക്കടത്ത് കേസിൽ ആൾക്കൂട്ടം തല്ലിക്കൊന്ന പെഹ്ലു ഖാനെയും കുറ്റക്കാരനാക്കി രാജസ്ഥാന്‍ പോലീസ്
ജയ്പൂർ: പശുവിനെ കടത്തിയെന്ന് ആരോപിച്ച് ഗോ രക്ഷകര്‍ നടത്തിയ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ക്ഷീര കര്‍ഷകനെതിരെ പശു കള്ളക്കടത്തലിന് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. രാജസ്ഥാനില്‍ അല്‍വാറില്‍ ആണ് സംഭവം. കര്‍ഷന്റെ രണ്ട് മക്കള്‍ക്കെതിരെയും കുറ്റപത്രത്തില്‍ പേരുണ്ട്. രണ്ട് വർഷം മുന്പാണ് പശുവിനെ പിക്ക്അപ് ട്രക്കില്‍ കൊണ്ടുപോകുന്നതിനിടെ ക്ഷീര കര്‍ഷകനായ പഖ്‌ലു ഖാനെ ജനക്കൂട്ടം പിടികൂടി മര്‍ദ്ദിച്ചുകൊലപ്പെടുത്തിയത്. പെഹ്ലു ഖാന്‍റെ മരണശേഷം, പുതിയ കോൺഗ്രസ് സർക്കാർ അധികരാത്തിലെത്തിയതിന് പിന്നാലെ ഡിസംബർ 30നാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 2019 മെയ് 29നാണ് ബെഹ്റോറിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്പാകെ കുറ്റപത്രം സമർപ്പിച്ചത്.
2017 ഏപ്രിൽ ഒന്നിന് പശുക്കളെ കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനത്തിന്‍റെ ഉടമയുടെ പേരും കുറ്റപത്രത്തിലുണ്ട്. കന്നുകാലി കശാപ്പും കയറ്റുമതിയും നിരോധിച്ചുകൊണ്ടുള്ള രാജസ്ഥാന്‍ ബൊവിന്‍ ആനിമൽ ആക്ടിലെ 5, 8, 9 വകുപ്പുകൾ പ്രകാരമാണ് പെഹ്ലു ഖാനും മക്കൾക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ìഗോ സംരക്ഷകരുടെ ആക്രമണത്തിൽ പിതാവിനെ നഷ്ടമായി. ഇപ്പോൾ പശുക്കടത്ത് നടത്തിയെന്ന് ഞങ്ങൾക്കെതിരെ കേസെടുത്തിരിക്കുന്നു” −പെഹ്ലു ഖാന്‍റെ മകൻ ദേശീയ മാധ്യമത്തിനോട് പറഞ്ഞു. പുതിയ കോൺഗ്രസ് സർക്കാർ തങ്ങൾക്കെതിരായ കേസ് പിൻവലിക്കുമെന്നാണ് കരുതിയത്. കോൺഗ്രസ് സർക്കാരിൽ നിന്ന് നീതി പ്രതീക്ഷിച്ചു. പക്ഷേ അതും ഉണ്ടായില്ലെന്നും ഇർഷാദ് കൂട്ടിച്ചേർത്തു. പെഹ്ലു ഖാന്‍റെ ഇളയ മകൻ ആരിഫും കുറ്റപത്രത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ വർഷം രാജസ്ഥാനിലെ ബിജെപി സർക്കാർ സമാനമായ കുറ്റപത്രമാണ് തയ്യാറാക്കിയിരുന്നത്. പെഹ്ലു ഖാന്‍റെ സഹപ്രവർത്തകരായിരുന്ന റഫീഖ്, അസ്മത് എന്നിവർക്കെതിരെയും ട്രക്ക് ഡ്രൈവർ അർജുൻ, വാഹന ഉടമ ജഗ്ദീഷ് പ്രസാദ് എന്നിവർക്കെതിരെയും കേസെടുത്തിരുന്നു. രണ്ടാമത് തയ്യാറാക്കിയ എഫ്ഐആറിലാണ് പെഹ്ലു ഖാന്‍റെയും മക്കളുടെയും പേരും ഉൾപ്പെട്ടത്. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് ഇവർ ആക്രമിക്കപ്പെട്ടത്.
ബി.ജെ.പി സര്‍ക്കാരിനെതിരെ വലിയ രാഷ്ട്രീയ ആയുധമാക്കി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ഈ സംഭവത്തെ ഉപയോഗിച്ചിരുന്നു. പഖ്‌ലു ഖാനെതിരെ കുറ്റപത്രം ചുമത്തിയതില്‍ വിമര്‍ശനവുമായി ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി രംഗത്തെത്തി. എഐഎംഐഎം നേതാവ് അസദ്ദുദീന്‍ ഉവൈസിയും കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ രംഗത്തെത്തി. ‘ബി.ജെ.പിയുടെ പല്ലവിതന്നെയാണ് കുറ്റപത്രത്തില്‍ ആവര്‍ത്തിക്കുന്നതെന്ന് ഉവൈസി ആരോപിച്ചു.

