ബംഗാൾ ഡോക്ടർമാർക്ക് ഐക്യദാർഢ്യം; തിങ്കളാഴ്ച ഡോക്ടർമാർ രാജ്യവ്യാപക പണിമുടക്കിന്


 

ന്യൂഡൽഹി: പശ്ചിമബംഗാളിലെ സമരം ചെയ്യുന്ന ജൂനിയർ ഡോക്ടർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡോക്ടർമാർ രാജ്യവ്യാപകമായി സമരത്തിന്. തിങ്കളാഴ്ച ഡോക്ടർമാർ രാജ്യവ്യാപകമായി പണിമുടക്കുമെന്ന് ഡോക്ടർമാരുടെ സംഘനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) അറിയിച്ചു. ഡോക്ടർമാർക്കെതിരായ അക്രമങ്ങൾക്കെതിരേ നിയമനിർമാണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരെ സമീപിക്കുമെന്നും ഐഎംഎ അറിയിച്ചു.ഡൽഹി മെഡിക്കൽ അസോസിയേഷൻ ഇന്ന് സംസ്ഥാന വ്യാപക സമരത്തിന് ആഹ്വാനം ചെയ്തിരുന്നു. ഇതേതുടർന്ന്, എയിംസ്, സഫ്ദർജംഗ് ആശുപത്രി എന്നിവിടങ്ങളിൽ റെസിഡന്‍റ് ഡോക്ടർമാർ സമരത്തിലാണ്.
മഹാരാഷ്ട്രയിൽ 4500 ഡോക്ടർമാർ രോഗികളെ പരിശോധിക്കുന്നതു നിർത്തിയെന്ന് സംസ്ഥാനത്തെ ഡോക്ടർമാരുടെ സംഘന അറിയിച്ചു. ഹൈദരാബാദിലും ഡോക്ടർമാർ സമരം നടത്തുന്നുണ്ട്. കോൽക്കത്തയിലെ എൻആർഎസ് മെഡിക്കൽ കോളജിൽ രോഗി മരിച്ചതിനെ തുടർന്നു രോഗിയുടെ ബന്ധുകൾ പരിഭോഹോ മുഖർജി എന്ന ജൂനിയർ ഡോക്ടറെ ആക്രമിച്ചിരുന്നു. ഡോക്ടർമാരുടെ അശ്രദ്ധമൂലമാണ് രോഗി മരിച്ചതെന്ന് ആരോപിച്ചായിരുന്നു ബന്ധുകളുടെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ ഡോക്ടർ ചികിത്സയിലാണ്. ഇതിനു പിന്നാലെയാണ് ജൂനിയർ ഡോക്ടർമാർ സംസ്ഥാന വ്യാപകമായി സമരം ആരംഭിച്ചത്.
സമരം നടത്തുന്ന ഡോക്ടർമാർ നാലു മണിക്കൂറിനുള്ളിൽ സമരം നിർത്തിവച്ച് ജോലിക്കു കയറണമെന്നും അല്ലാത്തപക്ഷം ഹോസ്റ്റലുകൾ ഒഴിയേണ്ടിവരുമെന്നും മുഖ്യമന്ത്രി മമത ബാനർജി കർശന നിർദേശം നൽകി. ഇതാണ് ഡോക്ടർമാരുടെ സമരം വ്യാപകമാക്കിയത്. മമത മാപ്പുപറയണമെന്നും കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്നും ഡോക്ടർമാർ ആവശ്യപ്പെടുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed