വ്യോമാക്രമണം നടത്തിയതായി സ്ഥിരീകരിച്ചു: വിവരങ്ങൾ പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി:പുൽവാമയിൽ ഭീകരർ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേർക്കു നടത്തിയ ആക്രമണത്തിന് നിയന്ത്രണരേഖ മറികടന്ന് അതിശക്തമായി തിരിച്ചടിച്ചെന്ന് ഇന്ത്യ സ്ഥിരീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിതല സമിതിയുടെ യോഗത്തിനുശേഷം കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ മാധ്യമങ്ങളെ കണ്ടാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ ഭീകര കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. പാകിസ്ഥാൻ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ഇന്ത്യ നിരന്തരം ആവശ്യപ്പെട്ടിട്ടും ഭീകരർക്കെതിരെ നടപടി എടുക്കുന്നില്ലെന്നും വിജയ് ഗോഖലെ കുറ്റപ്പെടുത്തി. തകർത്തത് ജെയ്ഷ മുഹമ്മദിന്റെ ഏറ്റവും വലിയ ക്യാംപാണെന്നും അദ്ദേഹം പറഞ്ഞു.
ജെയ്ഷെ മുഹമ്മദ് രാജ്യത്ത് നിരവധിയിടങ്ങളിൽ ചാവേറാക്രമണം നടത്താൻ ശ്രമിക്കുന്നുണ്ട്. ഇത് മുൻകൂട്ടി കണ്ടാണ് തിരിച്ചടിച്ചത്. സിവിലയൻസില്ലാത്ത ഭീകരരുടെ ക്യാന്പുകളിലാണ് ആക്രമണം നടത്തിയതെന്നും ഗോഖലെ കൂട്ടിച്ചേർത്തു. കൊടുംകാടിനു നടുവിൽ മറ്റു ജനവാസമില്ലാത്ത സ്ഥലത്താണു ക്യാംപുകൾ സ്ഥിതിചെയ്തിരുന്നത്. കൊല്ലപ്പെട്ടത് വൻ സംഘമാണ്. കൃത്യമായ എണ്ണം പുറത്തുവന്നിട്ടില്ല. സാധാരണ ജനങ്ങളെ ആക്രമണം ബാധിച്ചിട്ടില്ല. ജയ്ഷെ തലവൻ മസൂദ് അസ്ഹറിന്റെ ബന്ധു യൂസഫ് അസ്ഹറും കൊല്ലപ്പെട്ടു. ബാലാകോട്ട് ക്യാംപിന്റെ മുഖ്യ ചുമതലക്കാരൻ യൂസഫ് ആയിരുന്നു.
ഇന്ന് പുലർച്ചെ 3.30ന് ഇന്ത്യൻ വ്യോമസേനയുടെ 12 മിറാഷ് 2000 വിമാനങ്ങളാണ് മുസഫറാബാദ്, ബാലാകോട്ട്, ചകോത് മേഖലകളിലെ ഭീകര ക്യാംപുകൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. ജയ്ഷെ മുഹമ്മദിന്റെ ഭീകര ക്യാംപുകൾ പൂർണമായി തകർത്തു. 1000കിലോ ബോംബ് ഭീകരരുടെ ക്യാന്പുകൾക്കു നേരെ വർഷിച്ചാണ് ഇന്ത്യൻ വ്യോമസേന തിരിച്ചടി തുടങ്ങിയത്. ആക്രമണത്തിൽ 300ൽ അധികം തീവ്രവാദികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. നാലോളം ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ തിരിച്ചടി.