മിന്നലാക്രമണം; തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാൻ

ഇസ്ലാമാബാദ്: മിന്നലാക്രമണത്തിലൂടെ വെല്ലുവിളിക്കരുതെന്ന് ഇന്ത്യയോട് പാകിസ്ഥാൻ. ആവശ്യമെങ്കിൽ തിരിച്ചടിക്കാൻ പാകിസ്ഥാന് അവകാശമുണ്ട്. ഇന്ത്യ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മഹ്‍മൂദ് ഖുറേഷി ആവശ്യപ്പെട്ടു. ഇന്ത്യ ഇത്തരത്തിൽ എന്തെങ്കിലും ചെയ്യുമെന്ന് നേരത്തെ ലോകത്തോട് പാക്കിസ്ഥാൻ പറഞ്ഞിരുന്നു. ഇന്ന് അവർ അത് ചെയ്തിരിക്കുന്നു−ഖുറേഷി പറഞ്ഞു. ഇതിനിടെ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അടിയന്തര കാബിനറ്റ് യോഗം വിളിച്ചുചേർത്തിട്ടുണ്ട്. ഇന്ത്യൻ മിന്നലാക്രമണം സംബന്ധിച്ച വിവരങ്ങൾ ചർച്ച ചെയ്യുന്നതിനും സ്ഥിതിഗതികൾ വിലയിരുത്തുന്നതിനുമാണ് യോഗം വിളിച്ചുചേർത്തിരിക്കുന്നത്.
ഇന്ന് പുലർച്ചെയോടെയാണ് മുസാഫരാബാദിൽനിന്നും 30 കിലോമീറ്റർ അകലെയുള്ള ബലാകോട്ടിൽ ഇന്ത്യൻ വ്യോമസേന ആക്രമണം നടത്തിയത്. മിറാഷ് വിമാനങ്ങൾ 21 മിനിറ്റു നേരം ബലാകോട്ടിനു മുകളിലൂടെ പറന്ന് ആക്രമണം നടത്തി തിരിച്ചുവന്നു. ഇന്ത്യൻ മിന്നലാക്രമണം നൂറുശതമാനം വിജയമായിരുന്നു എന്നാണ് റിപ്പോർട്ട്. കാർഗിൽ യുദ്ധത്തിനു ശേഷം ഇത് ആദ്യമായാണ് വ്യോമസേന ആക്രമണത്തിന് മിറാഷ് 2000 പോർവിമാനങ്ങൾ ഉപയോഗിക്കുന്നത്. പന്ത്രണ്ട് മിറാഷ് 2000 പോർവിമാനങ്ങളിൽ നിന്ന് ആയിരം കിലോയോളം ബോംബുകൾ ഭീകരകേന്ദ്രങ്ങളിൽ സൈന്യം വർഷിച്ചു. വലിയ നാശനഷ്ടമാണ് ഭീകരകേന്ദ്രങ്ങളിൽ ഉണ്ടായത്. ആക്രമണത്തിൽ മൂന്ന് ഭീകരക്യാമ്പുകൾ പൂർണമായും നശിച്ചു. മുന്നൂറോളം പേർ കൊല്ലപ്പെട്ടതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പക്ഷേ, നയതന്ത്രചരിത്രം വച്ച് സ്വന്തം ഭാഗത്തുണ്ടായ നാശനഷ്ടങ്ങൾ ഒരിക്കലും പാകിസ്ഥാൻ അംഗീകരിച്ചിട്ടില്ല.