ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ ചവണ അകപ്പെട്ടു; വീണ്ടും ശസ്ത്രക്രിയ നടത്തി

ഹൈദരാബാദ്: ശസ്ത്രക്രിയയ്ക്കിടെ അബദ്ധത്തിൽ യുവതിയുടെ വയറ്റിൽ അകപ്പെട്ട ഉപകരണം മൂന്നു മാസത്തിനിടെ മറ്റൊരു ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ആശുപത്രിയിൽ നിന്ന് മടങ്ങിയ ശേഷവും കലശലായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും ഡോക്ടറെ സമീപിക്കുകയായിരുന്നു. തുടർന്ന് നടത്തിയ എക്സ്‌റേ പരിശോധനയിലാണ് ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ചവണ രോഗിയുടെ വയറ്റിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ അടിയന്തര ശസ്ത്രക്രിയ നടത്തി ഉപകരണം നീക്കം ചെയ്തു.
പ്രഥമ പരിഗണന നൽകുന്നത് രോഗിക്കാണെന്നും അതുകൊണ്ടാണ് പിഴവ് കണ്ടെത്തിയ ഉടന്‍ ഉപകരണം നീക്കം ചെയ്യാനുള്ള തീരുമാനമെടുത്തതെന്നും ആശുപത്രി ഡയറക്ടർ അറിയിച്ചു. ഗാസ്‌ട്രോ എൻടോളജി വിഭാഗത്തിലെ സർജനെതിരെ അന്വേഷണത്തിനായി കമ്മറ്റി രൂപീകരിച്ചതായും ആശുപത്രി അധികൃതർ അറിയിച്ചു.