പോലീസിലെ അടിമപ്പണി അന്വേഷിക്കും : കർശ്ശന നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : പോലീസിലെ അടിമപ്പണി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അച്ചടക്കത്തിന്റെ പേരിൽ ഒരു മനുഷ്യാവകാശ ലംഘനവും അനുവദിക്കില്ല. ഏതെങ്കിലും ഉദ്യോഗസ്ഥൻ ഇത് ലംഘിച്ചാൽ കർശ്ശന നടപടിയുണ്ടാകും. ബ്രിട്ടിഷ് ഭരണകാലത്തെ ജീർണ്ണത തുടരുന്നത് ദൗർഭാഗ്യകരമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.എസ് ശബരീനാഥന്റെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഇതിനിടെ, സുധേഷ് കുമാറിന്റെ കുടുംബാംഗങ്ങൾ പോലീസ് ഡ്രൈവറെക്കൊണ്ട് വീട്ടുജോലികൾ ചെയ്യിക്കുന്നതായുള്ള രഹസ്യാന്വേഷണ റിപ്പോർട്ടും സർക്കാരിന് മുന്നിൽ എത്തിയിരുന്നു. ജോലികൾക്ക് തയ്യാറാകാതിരുന്ന 12 ക്യാന്പ് ഫോളോവേഴ്സിനെ പിരിച്ചുവിട്ടതായുള്ള നടപടിയും ഉണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇനി ഇത്തരം നീക്കങ്ങൾ ഉണ്ടായാൽ കർശ്ശന നടപടികൾ നേരിടേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.