കർഷക സംഘടനകളുടെ ഭാരത് ബന്ദ് നാളെ

ന്യൂഡൽഹി : കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്ക് എതിരെ രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ നേതൃത്വത്തിൽ നാളെ ഭാരത് ബന്ദ്. ബന്ദിന് മുന്നോടിയായി കർഷകർ ഇന്ന് നിരാഹാര സമരം നടത്തിവരികയാണ്. എം.എസ് സ്വാമിനാഥൻ റിപ്പോർട്ട് നടപ്പിലാക്കുക, കാർഷിക കടം എഴുതി തള്ളുക, വിളകൾക്ക് താങ്ങുവില ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജൂൺ ഒന്നിനാണ് കർഷക സംഘടനകൾ സമരം ആരംഭിച്ചത്. 10 ദിവസം നീളുന്ന സമരത്തിന്റെ അവസാന ദിനമായ നാളെ ഭാരത് ബന്ദ് നടത്തുമെന്നാണ് രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ നേതൃത്വത്തിലുള്ള കർഷക സംഘടനകൾ പ്രഖ്യാപിച്ചിട്ടുള്ളത്.
സമരം ശക്തമായിട്ടും സർക്കാർ വിഷയത്തിൽ ഇടപെടാത്തത് നിർഭാഗ്യകരണമാണെന്ന് കിസാൻ മഹാസംഘ് കുറ്റപ്പെടുത്തി. സർക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല നടപടിയുണ്ടായില്ലെങ്കിൽ ഞായറാഴ്ചയ്ക്ക് ശേഷവും സമരം തുടർന്നേക്കും. മധ്യപ്രദേശ്, ബിഹാർ, ഹരിയാന, കർണാടക, ഗുജറാത്ത് തുടങ്ങിയ 22 സംസ്ഥാനങ്ങളിൽ സമരം ശക്തമായി തുടരുകയാണെന്നും കിസാൻ മഹാസംഘ് പറഞ്ഞു. സമരക്കാർ പാൽ, പച്ചക്കറി തുടങ്ങിയ കാർഷിക ഉൽപ്പന്നങ്ങളുടെ വിതരണം തടസപ്പെടുത്തി.
അതേസമയം ജൂൺ ആറിന് സമരം അവസാനിപ്പിച്ച പഞ്ചാബിലെ കർഷകർ ഭാരത് ബന്ദിൽ പങ്കെടുക്കുന്നില്ല. ഭാരത് ബന്ദിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കേരളത്തിൽ കരിദിനം ആചരിക്കുമെന്ന് കർഷക സമര കോർഡിനേഷന്‍ കമ്മിറ്റി അറിയിച്ചിട്ടുണ്ട്.