ബി.ജെ.പി മുക്ത ഭാരതം തന്റെ അജണ്ടയിലില്ലെന്ന് രാഹുൽ ഗാന്ധി
ബംഗളൂരു : ബി.ജെ.പിയുടെ കോൺഗ്രസ് മുക്ത ഭാരതമെന്ന പ്രചാരണത്തിനെതിരെ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തി. ബി.ജെ.പി പ്രചരിപ്പിക്കുന്ന കോൺഗ്രസ് മുക്ത ഭാരതം പോലെ ബി.ജെ.പി മുക്ത ഭാരതം തന്റെ അജണ്ടയിലില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അവർക്കെതിരെ പോരാടി അവരെ പരാജയപ്പെടുത്തും. പാർട്ടി വിട്ട് ബി.ജെ.പിയിലേക്ക് പോയവർ പുനർചിന്തനം നടത്തണമെന്നും രാഹുൽഗാന്ധി പറഞ്ഞു. കർണാടക തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയും മറ്റും കോൺഗ്രസ് നേതാക്കളേയും അപഹസിക്കുന്നത് തുടരുകയാണ്.
ഞാൻ എപ്പോഴും പ്രധാനമന്ത്രി എന്ന പദത്തെ ബഹുമാനിക്കുന്നയാളാണ്. അപഹാസ്യപരമായ പ്രസ്താവനകൾ എന്റെ ഭാഗത്ത് നിന്നും ഇതുവരെയുണ്ടായിട്ടില്ല. ബി.ജെ.പി മുക്തഭാരതമെന്നത് എന്റെ ലക്ഷ്യമല്ലെന്നും രാഹുൽഗാന്ധി പറഞ്ഞു.
ബി.ജെ.പിക്കെതിരേ ശക്തമായ വികാരമാണ് കർണാടകയിലുള്ളത്. ഗുജറാത്തിലൊക്കെ കണ്ട ബി.ജെ.പി വിരുദ്ധ വികാരത്തിന്റെ തുടർച്ചയാണ് കർണാടകയിലുമുണ്ടാവുക. രാജ്യം നരേന്ദ്രമോദിയേയും, ബി.ജെ.പിയേയും ഇനിയും സഹിക്കില്ല. മറ്റെല്ലാ സ്ഥലത്തുമെന്നത് പോലെ സ്വാഭാവിക പരാജയം ഇവിടേയുമുണ്ടാവുമെന്നും രാഹുൽഗാന്ധി പറഞ്ഞു.
നരേന്ദ്രമോദി അധികാരത്തിലെത്തിയത് ചില പ്രഖ്യാപനങ്ങൾ നടത്തിയാണ്. തൊഴിൽ നൽകുമെന്നും, അഴിമതി തുടച്ചുനീക്കുമെന്നുമൊക്കെയായിരുന്നു അത്. എന്നാൽ ഇക്കാര്യങ്ങളെല്ലാം മോദി മറന്നിരിക്കുകയാണ്. ജനങ്ങളോട് ഉത്തരം പറയാൻ കഴിയുന്നില്ല. ഇതിന്റെ ആദ്യ തിരിച്ചടിയാണ് ഗുജറാത്തിൽ കണ്ടത്. അടുത്തത് കർണാടകയായിരിക്കും. ചണ്ധീഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെല്ലം ഇതിന്റെ തുടർച്ചയുണ്ടാവും. 2019−ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദി ശരിക്കും അതിന്റെ തിരിച്ചടിയനുഭവിക്കുമെന്നും രാഹുൽ വ്യക്തമാക്കി.

