ഐ.എസ്.ആർ.ഒ ഗവേഷണ കേന്ദ്രത്തിൽ വൻ തീപിടിത്തം
അഹമ്മദാബാദ് : അഹമ്മദാബാദിലെ ഐ.എസ്.ആർ.ഒഗവേഷണ കേന്ദ്രത്തിൽ വൻ തീപിടിത്തം. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം മിഷ്യനറി വിഭാഗത്തിലാണ് തീപിടിത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ഒരു സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥന് പരിക്കേറ്റതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ അപകടത്തിൽ ആർക്കും പരിക്കില്ലെന്ന് അഹമ്മദാബാദ് ജില്ലാ കളക്ടർ വിക്രാന്ത് പാൺഡെ പറഞ്ഞു.
തീപിടിത്തത്തെ തുടർന്ന് 25 അഗ്നിശമന സേന യൂണിറ്റും 10 ആംബുലൻസുകളും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തി. അപകടത്തെ തുടർന്ന് ഐ.എസ്.ആർ.ഒയുടെ ഗവേഷണ കേന്ദ്രം പൂർണമായും ഒഴിപ്പിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലൊടുവിലാണ് തീ നിയന്ത്രണ വിധേയമായതെന്ന് അഗ്നിശമന മേധാവി രാജേഷ് ഭട്ട് മാധ്യമങ്ങളോട് പറഞ്ഞു.

