വികസനം വേഗത്തിലാക്കാൻ നക്സൽ ബാധിത സംസ്ഥാനങ്ങളോട് കേന്ദ്രം
ന്യൂഡൽഹി : വികസന പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ പത്ത് കമ്യൂണിസ്റ്റ് ഭീകര ബാധിത സംസ്ഥാനങ്ങളോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കാനാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു.
ഈ മേഖലകളിൽ വികസന പ്രവർത്തനങ്ങൾക്കുള്ള നിയന്ത്രണങ്ങളിൽ പരിസ്ഥിതി മന്ത്രാലയം ഇളവുകൾ വരുത്തിയതിന് പിന്നാലെയാണ് നടപടി. അടുത്തിടെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല ചർച്ചയിൽ കമ്യൂണിസ്റ്റ് ഭീകരവാദം ശക്തമായ സംസ്ഥാനങ്ങൾക്ക് നാൽപ്പത് ഹെക്ടർ വരെയുള്ള വനപ്രദേശത്ത് വികസനപ്രവർത്തനങ്ങൾക്ക് സ്വന്തമായി പാരിസ്ഥിതികാനുമതി നൽകാൻ അധികാരം നൽകിയിരുന്നു. ഛത്തീസ്ഗഡ്, ഝാർഖണ്ധ്, ഒഡീഷ, ബിഹാർ, ബംഗാൾ, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്ര പ്രദേശ്, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവയാണ് സംസ്ഥാനങ്ങൾ. ഭീകരർക്ക് അതേ നാണയത്തിൽ മറുപടി നൽകുക, ഗ്രാമങ്ങളിൽ വികസനമെത്തിച്ച് ജനങ്ങളെ ഭീകരർക്ക് എതിരാക്കുക തുടങ്ങി രണ്ട് തലത്തിലുള്ള പദ്ധതിയാണ് കമ്യൂണിസ്റ്റ് ഭീകരത ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്.
അടുത്തിടെ സൈന്യം നടത്തിയ തിരിച്ചടിയിൽ നാൽപ്പതോളം കമ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടിരുന്നു. സ്‌കൂൾ, അങ്കണവാടി, കുടിവെള്ളം, ആശുപത്രികൾ എന്നിവക്കാണ് വികസനത്തിൽ മുൻഗണന. 35 നക്‌സൽ ബാധിത ജില്ലകൾക്കായി എല്ലാ വർഷവും ആയിരംകോടി രൂപ സർക്കാർ നൽകുന്നുണ്ട്. ജില്ലാ കളക്ടർ അധ്യക്ഷനായ സമിതിക്കാണ് തുക ചെലവഴിക്കുന്നതിൽ ഉത്തരവാദിത്വം.

