ഈ വർഷം 45 പേർ ഭീകരസംഘടനകളിൽ ചേർന്നതായി റിപ്പോർട്ട്
ശ്രീനഗർ : ഈ വർഷം ഏപ്രിൽവരെ എം.ബി.എ ബിരുദധാരിയും ഡോക്ടറേറ്റ് നേടിയ യുവാവും ഉൾപ്പെടെ 45 പേർ ഭീകരസംഘടനകളിൽ ചേർന്നതായി റിപ്പോർട്ട്. തെക്കൻ കാശ്മിരിലെ ഷോപിയാൻ, കുൽഗാം എന്നീ ജില്ലകളിൽനിന്നാണു ഭൂരിഭാഗം പേരും തീവ്രവാദ സംഘടനകളിലെത്തിയത്. ഷോപിയാനിൽ 12 പേരും കുൽഗാമിൽ 9 പേരും ഭീകരസംഘടനകളിൽ അംഗമായി. അനന്തനാഗിൽ ഏഴുപേരും പുൽവാമയിൽ നാലുപേരും അവന്തിപുരയിൽ മൂന്നുപേരും ഭീകര പരിശീലന ക്യാന്പുകളിലെത്തി. വടക്കൻ കാശ്്മീരിലെ ഹന്ദ്‌വാരയിൽ ഒരാളും കുപ്‌വാരയിൽ രണ്ടുപേരും ബന്ദിപോറ, സോപോർ, ശ്രീനഗർ എന്നിവിടങ്ങളിൽനിന്നായി ഓരോരുത്തർ വീതവും ഭീകരപ്രവർത്തനത്തിലേക്കു തിരിഞ്ഞു. ഹുറിയത് വിഘടനവാദി വിഭാഗമായ തെഹ്‌രിക് ഇ ഹുറിയതിന്‍റെ ചെയർമാൻ മുഹമ്മദ് അഷ്റഫ് സെഹ്റായിയുടെ മകനാണ് കാശ്മീർ യൂണിവേഴ്സിറ്റിയിൽനിന്ന് എം.ബി.എ ബിരുദം നേടിയ ജുനൈദ് അഷ്റഫ് സെഹ്റായി(26). കുപ്‌വാരയിൽനിന്നു ഭീകരസംഘടനയിൽ ചേർന്ന മന്നൻ ബഷീർ വാനി(26) അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റിയിൽനിന്നു പി.എച്ച്.ഡി കരസ്ഥമാക്കിയിട്ടുണ്ടെന്നും സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.
ഓരോ ഭീകരന്‍റെയും സംസ്കാരച്ചടങ്ങുകൾ പൂർത്തിയാകുന്പോൾ നിരവധി യുവാക്കളാണു ഭീകരസംഘടനകളിലേക്കു റിക്രൂട്ട് ചെയ്യപ്പെടുന്നത്. തെക്കൻ കാശ്മീരിൽനിന്നുള്ള രാഷ്‌ട്രീയപ്രവർത്തകർ ശ്രീനഗറിലേക്കു ചേക്കേറിയിട്ടുണ്ട്. 2018 വർഷാരംഭം മുതൽ നാലുമാസക്കാലം 55 തീവ്രവാദികളും 20 സുരക്ഷാ ഉദ്യോഗസ്ഥരും 25 പ്രദേശവാസികളും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട ഭീകരരിൽ 27 പേർ പ്രദേശവാസികളാണ്. ഏപ്രിലിൽ മാത്രം പ്രദേശവാസികളായ 13 ഭീകരർ കൊല്ലപ്പെട്ടു.

