കുറ്റകൃത്യങ്ങളുടെ നഗരമായി ബംഗളൂരു മാറി : മോദി
ബംഗളൂരു : ബംഗളൂരു നഗരം കോൺഗ്രസ് ഭരണത്തിൽ കുറ്റകൃത്യങ്ങളുടെ നഗരമായി മാറികൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗളൂരു മനോഹാരിതയുടേയും, കുലീന സ്വഭാവമുള്ളവരുടേയും ഉന്നത വിദ്യാഭ്യാസമുള്ളവരുടേയും നഗരമാണ്. എന്നാൽ കോൺഗ്രസ് നഗരസ്വഭാവത്തെ നശിപ്പിച്ചു. അത് കുറ്റകൃത്യങ്ങളുടേതാക്കിമാറ്റി. ഇതാണ് സിദ്ദരാമയ്യയുടെ അഞ്ച് വർഷത്തെ ഭരണം കൊണ്ടുള്ള ബംഗളൂരു നിവാസികൾക്കുള്ള സമ്മാനങ്ങളിലൊന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. കെങ്കേരിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കോൺഗ്രസിനേയും സിദ്ധരാമയ്യ സർക്കാരിനേയും അതി രൂക്ഷമായി വിമർശിച്ച് നരേന്ദ്രമോദി രംഗത്തെത്തിയത്.
പുഷ്പങ്ങളുടെ നഗരമായ ബംഗളൂരുവിനെ കോൺഗ്രസ് മാലിന്യനഗരമാക്കി. ഇവിടെയുള്ള യുവജനങ്ങൾ ബംഗളൂരുവിനെ കന്പ്യൂട്ടർ തലസ്ഥാനമാക്കി മാറ്റാൻ ശ്രമിക്കുന്പോൾ കോൺഗ്രസ് കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. കർണാടകയിൽ വനിതകളുടെ സുരക്ഷ ആശങ്കയിലാണ്.
ബംഗളൂരുവിലേയും, ഗോവയിലേയും ജനങ്ങൾ പുതുവർഷം ആഘോഷിക്കുന്നുണ്ട്. എന്നാൽ ബംഗളൂരുവിൽ നിന്നും വരുന്ന വാർത്തകൾ ലജ്ജയുണ്ടാക്കുന്നതാണ്. 2016−ൽ പുതുവർഷാഘോഷത്തിനിടെ യുവതിയെ അധിക്ഷേപിച്ച പ്രതികളിലൊരാൾ കോൺഗ്രസിന്റെ സിറ്റിംഗ് എം.എൽ.എയുടെ മകനാണെന്നും മോദി ചൂണ്ടിക്കാട്ടി.
എന്നാൽ പ്രധാനമന്ത്രിയുടെ ആരോപണങ്ങൾ ബംഗളൂരുവിലെ ജനങ്ങളെ അധിക്ഷേപിക്കുന്നതാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ജെ.എൽ.എൽ സിറ്റി മൊമെന്റത്തിന്റെ കണക്ക് പ്രകാരം ലോകത്ത് ഏറ്റവും പെട്ടെന്ന് മാറികൊണ്ടിരിക്കുന്ന നഗരങ്ങളിൽ ഒന്നാണ് ബംഗളൂരു. ലോകത്തെ 25 ഹൈടെക് സിറ്റികളിൽ ഒന്നാണ് ബംഗളൂരു. ജോലിയെടുക്കുന്ന വനിതകളുടെ കാര്യത്തിലും ബംഗളൂരുവാണ് മുന്നിൽ.
25 ശതമാനത്തിലേറെയാണ് ജോലി ചെയ്യുന്ന സ്ത്രീകളുടെ പങ്കാളിത്തം യാഥാർഥ്യം ഇങ്ങനെയാണെന്നിരിക്കെ എന്തിനാണ് മോദി ബംഗളൂരുവിനെ പറ്റി കള്ളം പറയുന്നതെന്നും സിദ്ധരാമയ്യ ചോദിച്ചു. താങ്കളുടെ നുണയും എന്റെ വസ്തുതയും വെച്ച് തുറന്ന ചർച്ചയ്ക്ക് തയ്യാറാണെങ്കിൽ ടൗൺഹാളിലേക്ക് വരൂവെന്നും സിദ്ദരാമയ്യ പറഞ്ഞു.

