ചൈനയുടെ ബഹിരാകാശ നിലയം ടിയാന്‍ഗോങ്-1 ദക്ഷിണ പസഫിക്കിനു മുകളിൽ
ബെയ്ജിങ് : നിയന്ത്രണം നഷ്ടപ്പെട്ട ചൈനയുടെ ബഹിരാകാശ നിലയം ടിയാന്‍ഗോങ്-1 ദക്ഷിണ പസഫിക്കിനു മുകളിലെത്തി. തിങ്കളാഴ്ച പുലർച്ചെ 00.15 ഓടെ ടിയാൻഗോങ് ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ചുവെന്ന് ചൈനീസ് ബഹിരാകാശ ഗവേഷകരാണ് അറിയിച്ചത്. ഓർബിറ്റ് അനാലിസിസ് വിദ്യയിലൂടെ ടിയാൻഗോങ്–1ന്റെ തിരിച്ചുവരവ് സ്ഥരീകരിച്ചതായി യുഎസും വ്യക്തമാക്കി. വടക്കു പടിഞ്ഞാറൻ ടാഹിതിയിലേക്ക് ബഹിരാകാശ നിലയം യാത്ര ആരംഭിച്ചതായി ശാസ്ത്രഞ്ജൻ ജൊനാഥൻ മക്ഡോവൽ ട്വീറ്റ് ചെയ്തു.
നിലയം ദക്ഷിണ പസഫിക്കിന്റെ നടുക്കായി പതിക്കുമെന്നാണു വിലയിരുത്തൽ. അന്തരീക്ഷത്തിൽ പ്രവേശിച്ചതോടെ നിലയത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളും കത്തിയമർന്നിട്ടുണ്ട്. ഞായറാഴ്ച രാത്രി 11.20നു ശേഷം എപ്പോൾ വേണമെങ്കിലും നിലയം ഭൂമിയിലേക്കു പതിക്കാമെന്നു ചൈന നേരത്തെ അറിയിച്ചിരുന്നു. ഓസ്ട്രേലിയയ്ക്കും യുഎസിനും ഇടയിലായിരിക്കും നിലയം വീഴുകയെന്നായിരുന്നു പ്രവചനം. എന്നാൽ ഇതുതെറ്റായ പ്രവചനമാണെന്നും റിപ്പോർട്ടുകളുണ്ട്. നേരത്തേ ഭീഷണിയുണ്ടായിരുന്നെങ്കിലും കേരളം ആശങ്കപ്പെടേണ്ടതില്ലെന്നാണു ശാസ്ത്ര ഗവേഷകർ പറയുന്നത്.
ബഹിരാകാശ പേടകത്തിന്റെ വീഴ്ച മനുഷ്യര്‍ക്ക് അപകടമുണ്ടാക്കാന്‍ സാധ്യത കുറവാണെന്നു ചൈനീസ് അധികൃതർ പറയുന്നു. നിലയത്തിന്റെ 10 ശതമാനം ഭാഗം മാത്രമേ ഭൂമിയില്‍ പതിക്കാനിടയുള്ളൂ. ബാക്കിയെല്ലാം അന്തരീക്ഷത്തിൽ കത്തിപ്പോകും. ഭൂമിയിലെ വസ്തുക്കൾക്കു കേടു വരുത്തില്ല. വിഷകരമായ രാസപദാർത്ഥങ്ങളൊന്നും നിലയത്തിൽനിന്ന് ഉണ്ടാകില്ലെന്നും ചൈനീസ് സൈനിക വക്താവ് അറിയിച്ചു.
രാജ്യാന്തര ബഹിരാകാശ ഏജന്‍സികള്‍ക്കു ടിയാന്‍ഗോങ്–ഒന്നിനെക്കുറിച്ചുള്ള വിവരങ്ങള്‍ ചൈനീസ് അധികൃതര്‍ കൈമാറിയിട്ടുണ്ട്. ദക്ഷിണ കൊറിയയുടെ ശാസ്ത്ര മന്ത്രാലയ റിപ്പോർട്ട് പ്രകാരം തിങ്കളാഴ്ച രാവിലെ 7.26 നും വൈകീട്ട് 3.26 നും ഇടയിലായിരിക്കും ടിയാന്‍ഗോങ്-1 ഭൂമിയിൽ പ്രവേശിക്കുക. ഇതിനിടെ, ഇടിച്ചിറങ്ങാന്‍ പോകുന്ന ചൈനീസ് ബഹിരാകാശ നിലയത്തിനൊപ്പം അപകടകരമായ രാസവസ്തുക്കൾ ഭൂമിയിലെത്തുമെന്നു പ്രചാരണമുണ്ട്.

