വാതിലുകൾ തുറന്നിട്ട് കോൺഗ്രസ് : സമാന ചിന്താഗതിക്കാരുമായി സഹകരിക്കും
ന്യൂഡൽഹി : ബി.ജെ.പിയെന്ന പൊതു ശത്രുവിനെതിരെ സമാന ചിന്താഗതിക്കാരായ വിവിധ രാഷ്ട്രീയ പാർട്ടികളുമായി സഖ്യമുണ്ടാക്കുമെന്ന് കോൺഗ്രസ്. ഡൽഹിയിൽ നടക്കുന്ന പാർട്ടി പ്ലീനറി സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് രാഷ്ട്രീയസഖ്യം സംബന്ധിച്ച നിലപാട് വ്യക്തമാക്കുന്നത്.
സമാനചിന്താഗതിക്കാരുമായി സഹകരിച്ച് നീങ്ങുമെന്ന പ്രമേയം മല്ലികാർജ്ജുന ഖാർഗേയാണ് അവതരിപ്പിച്ചിരിക്കുന്നത്. ലോക്‌സഭാ നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നും കൂറുമാറ്റക്കാരെ ആറ് വർഷത്തേക്ക് വിലക്കാൻ നിയമം കൊണ്ടു വരണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. രാജ്യത്ത് ആഭ്യന്തര ക്രമസമാധാനം തകരുകയാണ്. ഭീകരതയ്ക്കെതിരായ നടപടിയുടെ പേരിൽ രാജ്യത്തെ വിഭജിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. കശ്മീരിലെ പ്രശ്നങ്ങൾ ദിനംപ്രതി വഷളാവുകയാണ്. വനിതാ സംവരണ ബിൽ പാസാക്കണമെന്നും വോട്ടിംഗ് യന്ത്രങ്ങൾക്ക് പകരം പഴയത് പോലെ തന്നെ ബാലറ്റിലാക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. റഫേൽ വിമാന ഇടപാടിനെ സംബന്ധിച്ച് സ്വതന്ത്ര അന്വേഷണം വേണം. 36 വിമാനങ്ങൾ വാങ്ങാൻ കൂടുതൽ പണം ചെലവഴിച്ചു. ആരോപണങ്ങൾ നേരിടുന്ന ബി.ജെ.പി നേതാക്കൾക്കെതിരെയും അന്വേഷണം വേണമെന്നും രാഷ്ട്രീയ പ്രമേയത്തിൽ ആവശ്യപ്പെട്ടു.
കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയായിരുന്നു പ്ലീനറി സമ്മേളനം ഉദ്ഘാടനം ചെയ്തത്. കോൺഗ്രസ് അദ്ധ്യക്ഷനായ ശേഷം രാഹുൽഗാന്ധി തന്റെ ആദ്യ പരിപാടിയിൽ ബി.ജെ.പിയ്‌ക്കെതിരെ രൂക്ഷമായ വിമർശനമാണ് അഴിച്ചു വിട്ടത്. കോൺഗ്രസിന്റെ കൈ ചിഹ്നത്തിന് മാത്രമേ രാജ്യത്തെ ഒരു മിച്ചു നിർത്തി മുന്നോട്ട് നയിക്കാനാകൂവെന്നും രാജ്യം കോൺഗ്രസിനെ ഉറ്റു നോക്കുന്നതായും രാഹുൽ ഗാന്ധി പറഞ്ഞു. കോൺഗ്രസിന്റെത് സ്‌നേഹത്തിന്റെ മാർഗ്ഗമാണ്. ഈ രാജ്യം എല്ലാവരുടേതുമാണെന്നും എല്ലാവർക്കും ക്ഷേമമുണ്ടാകണമെന്നാണ് കോൺഗ്രസിന്റെ ആഗ്രഹം. അത്തരം പ്രവർത്തനങ്ങളെ കോൺഗ്രസ് ചെയ്യുകയുള്ളൂ. കോൺഗ്രസും ഭരിക്കുന്ന പാർട്ടിയും തമ്മിലുള്ള പ്രധാന അന്തരവും ഇതു തന്നെയാണ്.
ബി.ജെ.പി ഭിന്നിപ്പിച്ചു ഭരിക്കുന്പോൾ പ്രധാന വിഷയങ്ങളായ തൊഴിലില്ലായ്മ, കർഷകരുടെ ദുരിതം എന്നിവയിൽ നിന്നെല്ലാം അവരുടെ ശ്രദ്ധ മാറുന്നു. ജാതിയോ വംശമോ പരിഗണിക്കാതെ എല്ലാ പൗരന്മാരുടേയും ക്ഷേമത്തിൽ വിശ്വസിച്ച് രാജ്യത്തെ ഒരുമിപ്പിച്ച് നിർത്തി മുന്പോട്ടു കൊണ്ടുപോകാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും രാഹുൽ പറഞ്ഞു.

