മോദി സർക്കാരിനെ വിമർശിച്ച് ചന്ദ്രബാബു നായിഡു
ഹൈദരാബാദ് : എൻ.ഡി.എ വിട്ടതിന് പിന്നാലെ നരേന്ദ്ര മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ദക്ഷിണേന്ത്യയിൽ നിന്ന് ലഭിക്കുന്ന പണം ഉപയോഗിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ വികസിപ്പിക്കുകയാണ് മോദി സർക്കാരെന്ന് ചന്ദ്രബാബു നായിഡു കുറ്റപ്പെടുത്തി. യഥാർത്ഥത്തിൽ കേന്ദ്രത്തിന്റെ പണമെന്നോ സംസ്ഥാനത്തിന്റെ പണമെന്നോ എന്ന സംഗതിയില്ല. അത് ജനങ്ങളുടെ പണമാണെന്ന് നായിഡു പറഞ്ഞു. നിയമസഭയിൽ നന്ദിപ്രമേയത്തിനിടെയാണ് ചന്ദ്രബാബു നായിഡു മോദിക്കെതിരെ ആഞ്ഞടിച്ചത്. നേരത്തെ ജനസേനാ പാർട്ടി പ്രവർത്തകനും സിനിമാ നടനുമായ പവൻ കല്യാണും ഈ ആരോപണം ഉന്നയിച്ചിരുന്നു.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെല്ലാം കേന്ദ്രത്തിന് പരമാവധി വരുമാനം നൽകുന്നുണ്ട്. എന്നാൽ ഇവയൊന്നും ഇവിടത്തെ സംസ്ഥാനങ്ങളിൽ ചെലവിടാൻ കേന്ദ്ര സർക്കാരിന് താൽപര്യമില്ല. പകരം ഉത്തരേന്ത്യ വികസിപ്പിക്കാനാണ് അവർ ശ്രമിക്കുന്നത്. ആന്ധ്രപ്രദേശ് പുന:സംഘടനാ നിയമം ഇതുവരെ പ്രാബല്യത്തിൽ വരുത്തിയിട്ടില്ലെന്നും നായിഡു ആരോപിച്ചു.
നേരത്തെ ബജറ്റിൽ ആന്ധ്രപ്രദേശിനെ അവഗണിച്ചെന്നും പ്രത്യേക പരിഗണനയെന്ന ആവശ്യവും നിരസിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ചന്ദ്രബാബു നായിഡുവിന്റെ പാർട്ടിയായ തെലുങ്കു ദേശം പാർട്ടി എൻ.ഡി.എ വിട്ടത്. കേന്ദ്രത്തിന് ആന്ധ്രയോട് ചിറ്റമ്മ നയമാണെന്ന് നായിഡു പറഞ്ഞിരുന്നു. വാണിജ്യ നികുതിയും ചരക്ക് സേവന നികുതിയും അടക്കം നിരവധി തുക കേന്ദ്രം വിവിധ സംസ്ഥാനങ്ങൾക്ക് നൽകുന്നുണ്ട്. എന്നാൽ കേന്ദ്രം എന്താണ് ആന്ധ്രയ്ക്ക് നൽകിയതെന്ന് നായിഡു ചോദിച്ചിരുന്നു. അശാസ്ത്രീയമായ സംസ്ഥാന വിഭജനം കൊണ്ട് ഏറ്റവും നഷ്ടമുണ്ടായത് ആന്ധ്രപ്രദേശിനാണെന്ന് ടി.ഡി.പി പറയുന്നു. ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്കെതിരെയും നായിഡു വിമർശനം ഉന്നയിച്ചിട്ടുണ്ട്.

