വധശി­ക്ഷ നി­ലനി­ർത്തണമെ­ന്ന് സംസ്ഥാ­നങ്ങൾ


ന്യൂഡൽഹി : ലോ കമ്മീഷന്റെ വധശിക്ഷ ഇല്ലാതാക്കാനുള്ള ശുപാർശക്കെതിരെ സംസ്ഥാനങ്ങൾ. 12 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും വധശിക്ഷ നിലനിർത്തണമെന്ന അഭിപ്രായത്തിൽ ഉറച്ചുനിന്നു. ഭീകരവാദമൊഴിച്ചുള്ള കുറ്റങ്ങൾക്ക് വധശിക്ഷ ഒഴിവാക്കണമെന്ന് 2015ൽ ജസ്റ്റിസ് എ. പി. ഷാ അധ്യക്ഷനായ ലോ കമ്മീഷൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിൽ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്രസർക്കാർ അഭിപ്രായം തേടിയിരുന്നു.

ഇതുവരെ 14 സംസ്ഥാനങ്ങളാണ് കേന്ദ്രത്തിന് മറുപടി നൽകിയിട്ടുള്ളത്. ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, ബിഹാർ, ഝാർഖണ്ധ്, തമിഴ്നാട്, ഡൽഹി സംസ്ഥാനങ്ങളാണ് വധശിക്ഷ തുടരണമെന്ന നിലപാട് കേന്ദ്രത്തിനെ അറിയിച്ചത്. ക്രൂരവും മനസാക്ഷിയില്ലാത്തതുമായ കൊലപാതകങ്ങൾക്കും ബലാത്സംഗത്തിനും വധശിക്ഷ വേണമെന്നാണ് ഈ സംസ്ഥാനങ്ങൾ വാദിച്ചത്. കർണാടക, ത്രിപുര എന്നീ സംസ്ഥാനങ്ങൾ വധശിക്ഷയ്ക്കെതിരെ നിലപാടെടുത്തു. അതേസമയം വലിയ സംസ്ഥാനങ്ങളായ ഉത്തർപ്രപദേശ്, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങൾ ഇതുവരെ മറുപടി നൽകിയിട്ടില്ല.

ലോ കമ്മീഷൻ റിപ്പോർട്ട് പ്രകാരം ചൈന, ഇറാൻ, ഇറാഖ്, സൗദി അറേബ്യ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ മാത്രമാണ് ഇപ്പോഴും കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ നടപ്പിലാക്കുന്ന രാജ്യങ്ങളെന്ന് പറയുന്നു. 2014 ൽ 98 രാജ്യങ്ങൾ വധശിക്ഷ ഉപേക്ഷിച്ചു. 140 രാജ്യങ്ങൾ വധശിക്ഷ നിയമത്തിൽ നിന്ന് തന്നെ എടുത്തുമാറ്റിയിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു. 2013 ൽ സുപ്രീം കോടതിയാണ് വധശിക്ഷ ആവശ്യമാണോയെന്ന് പരിശോധിക്കാൻ ലോ കമ്മീഷനെ ചുതലപ്പെടുത്തിയത്. തുടർന്ന് 2015ൽ ഭീകരവാദം, യുദ്ധം തുടങ്ങിയവയൊഴികെയുള്ള കുറ്റങ്ങൾക്ക് വധശിക്ഷ ഒഴിവാക്കണമെന്ന് നിർദ്ദേശിക്കുന്ന റിപ്പോർട്ട് സമർപ്പിച്ചു.

മറ്റ് കുറ്റകൃത്യങ്ങളിൽ നിന്ന് എന്തെങ്കിലും വ്യത്യാസം ഭീകരവാദത്തിനും യുദ്ധത്തിനും ഇല്ലെങ്കിലും രാജ്യസുരക്ഷയെ കരുതി ഈ കുറ്റങ്ങൾക്ക് വധശിക്ഷ നിലനിർത്താമെന്ന് കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. അതേസമയം വധശിക്ഷ ഒഴിവാക്കാനുള്ള കാരണങ്ങളൊന്നും ഉയർത്തിക്കാട്ടിയിട്ടില്ലെന്നാണ് റിപ്പോർട്ടിനെ എതിർക്കുന്നവർ പറയുന്നത്.

You might also like

Most Viewed