കോൺഗ്രസിൽ കുടുംബവാഴ്ച അവസാനിപ്പിക്കും എന്ന സൂചനയുമായി സോണിയ ഗാന്ധി

ന്യുഡൽഹി : നെഹ്റു കുടുംബത്തിൽ നിന്ന് ഭാവിയിൽ കോൺഗ്രസിന്റെ അധികാര സ്ഥാനം പുറത്തേക്ക് പോകുമെന്ന് സൂചിപ്പിച്ച് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി. നെഹ്റു− ഗാന്ധി കുടുംബത്തിൽനിന്നല്ലാതെ മറ്റൊരാൾ ആ സ്ഥാനത്തെത്തിയേക്കും എന്നാണ് സോണിയ പറഞ്ഞത്.
കുടുംബത്തിന് പുറത്തുനിന്ന് ഒരാൾക്ക് കോൺഗ്രസ് അധ്യക്ഷ പധവി നൽകുമോ എന്ന ഇന്ത്യടുഡേ കോൺക്ലേവിൽ ഉയർന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സോണിയ. കോൺഗ്രസിൽ നേതാക്കളെ തിരഞ്ഞെടുക്കുന്നത് ജനാധിപത്യപരമായാണ്. അമേരിക്കയടക്കമുള്ള രാജ്യങ്ങളിൽ കുടുംബ വാഴ്ച നിലനിൽക്കുന്നുണ്ട്. ബുഷ് കുടുംബവും ക്ലിന്റൻ കുടുംബവും അമേരിക്കയിൽ ഭരണം നടത്തിയിരുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ഈ പിന്തുടർച്ച നിലനിൽക്കുന്നുണ്ട്.
കോൺഗ്രസിനെയും ജനങ്ങളെയും ചേർത്തുവയ്ക്കുന്ന ഒരേ ഒരു ഘടകം സോണിയ ആണോ എന്ന ചോദ്യത്തിന് അതൊരു ബുദ്ധിമുട്ടുള്ള ചോദ്യമാണെന്നും ഇവിടെ മറ്റ് നിരവധി കോൺഗ്രസ് പ്രവർത്തകരുണ്ട് അവരോട് ചോദിക്കാമെന്നും സോണിയ പറഞ്ഞു.
നേതാവെന്ന നിലയിൽ തന്റെ പരിമിതികളെക്കുറിച്ചും സോണിയ തുറന്നുപറഞ്ഞു. നേതാവെന്ന നിലയിൽ താൻ ഒരു സ്വാഭാവിക പ്രാസംഗിക അല്ലെന്ന് പറഞ്ഞ സോണിയ പ്രസംഗം നോക്കി വായിക്കുന്ന ആളെന്ന നിലയിൽ ലീഡർ എന്നു പറയുന്നതിനേക്കാൾ റീഡർ എന്ന പേരാണ് തനിക്ക് ചേരുകയെന്നും പറഞ്ഞു. തന്നെക്കാൾ മികച്ച പ്രധാനമന്ത്രി മന്മോഹൻ സിംഗായാരിക്കുമെന്ന് തനിക്കറിയാമായിരുന്നു. തുടർച്ചയായ തിരഞ്ഞെടുപ്പ് തോൽവികൾ മറികടക്കുന്നതിനും ജനങ്ങളുമായി ബന്ധം മെച്ചപ്പെടുത്താനുമായി പുതിയ ശൈലികൾ ആവിഷ്കരിക്കേണ്ടതുണ്ടെന്നും സോണിയ വ്യക്തമാക്കി.