ജീപ്പിടിച്ച് മരം പോസ്റ്റിലേക്ക് വീണു : ലൈൻ പൊട്ടിവീണ് വൻ തീപിടിത്തം

കുമളി : ജീപ്പിടിച്ച് ഒടിഞ്ഞ മരം വൈദ്യുത പോസ്റ്റിലേക്ക് വീണു. 11 കെ.വി ലൈൻ പൊട്ടിവീണ് ഏക്കറുകണക്കിന് വനം കത്തിനശിച്ചു. ജീപ്പ് നിശേഷം കത്തിനശിച്ചു. ആനവിലാസം ചെങ്കരയിൽ ശനിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. അപകടത്തിൽനിന്ന് ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും സാരമായ പരിക്കുണ്ട്. തോട്ടം തൊഴിലാളികളെ തോട്ടത്തിൽ നിന്ന് തിരികെ കൊണ്ടുവരുന്നതിനായി പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്.
ആനവിലാസം ചെങ്കരയിൽ വെച്ച് ജീപ്പിന്റെ ജോയിന്റ് തകരുകയും നിയന്ത്രണം വിട്ട് വാഹനം സമീപത്ത് നിന്നിരുന്ന മരത്തിൽ ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ മരം ഒടിഞ്ഞ് സമീപത്തുള്ള പതിനൊന്ന് കെ.വി.ലൈനിൽ പതിക്കുകയും ലൈന്‍പൊട്ടിവീഴുകയും ചെയ്തു. ലൈനിൽ നിന്ന് തീപിടിച്ച പുല്ലിൽനിന്ന് പെട്ടെന്ന് തീ ആളിപ്പടർന്നു. ജീപ്പിനും തീപിടിച്ചു. വണ്ടി മറിഞ്ഞപ്പോൾ ഡ്രൈവർ കുരിശുമല ഇല്ലിക്കൽ മനോജ് ദൂരേക്ക് തെറിച്ചുപോയി. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ മനോജിനെ കട്ടപ്പന സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീ വേഗത്തിൽ ആളിപ്പടർന്നു. വിവരമറിയിച്ചതിനെ തുടർന്ന് കട്ടപ്പന ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി തീയണയ്ക്കുകയുമായിരുന്നു.