അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം : ശക്തമായി തിരിച്ചടിച്ച് ഇന്ത്യ

ശ്രീനഗർ : ജമ്മു കശ്മീരിൽ വീണ്ടും പാക് പ്രകോപനം. കശ്്മീരിലെ രജൗരി സെക്ടറിൽ ഇന്ന് രാവിലെയാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ച് ആക്രമണം നടത്തിയത്. ഇന്ത്യൻ പോസ്റ്റുകൾക്കു നേരെയായിരുന്നു പാക് ഷെല്ലാക്രമണം. ആക്രമണത്തിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ത്യ ശക്തമായി തന്നെ തിരിച്ചടിച്ചു. ഇരുഭാഗത്തും ആളപായമില്ലെന്നാണ് റിപ്പോർട്ട്. ഒരു പ്രകോപനവും ഇല്ലാതെ പാക് സൈന്യം വെടിയുതിർക്കുകയായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യ അതിശക്തമായി തന്നെ തിരിച്ചടിച്ചതോടെ ഒരു മണിക്കൂറോളം കനത്ത വെടിവയ്പാണുണ്ടായത്. പിന്നീട് പാകിസ്ഥാൻ ആക്രമണത്തിൽ നിന്ന് പിന്മാറുകയായിരുന്നു.
അഞ്ച് ദിവസങ്ങൾക്കു മുന്പ് രജൗറിയിലെ ഖേരി സെക്ടറിൽ പാകിസ്ഥാൻ നടത്തിയ വെടിവയ്പ്പിൽ ഒരു സൈനികൻ മരിക്കുകയും മറ്റൊരാൾക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. മറ്റൊരാക്രമണത്തിൽ മേജർ ഉൾപ്പെടെ നാല് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഇതിനുള്ള മറുപടിയായി ഇന്ത്യൻ കമാൻഡോകൾ നിയന്ത്രണരേഖ കടന്ന് പാക് അധിനിവേശ കശ്മീരിൽ നടത്തിയ മിന്നലാക്രമണത്തിൽ മൂന്ന് പാക് സൈനികരെയും വധിച്ചു.
ഈ വർഷം മാത്രം 881 തവണയാണ് പാകിസ്ഥാൻ ജമ്മുകശ്മീരിൽ വെടിനിർത്തൽ കരാർ ലംഘിച്ചത്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ ആദ്യമായിട്ടാണ് ഇത്രയും കൂടുതൽ വെടിവയ്പുണ്ടാവുന്നത്. ഈ മാസം പത്താം തിയ്യതി വരെ നിയന്ത്രണ രേഖയിൽ മാത്രം 771 തവണയും രാജ്യാന്തര അതിർത്തിയിൽ 110 തവണയും പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചട്ടുണ്ട്.
അതേസമയം ജമ്മു കശ്മീരിലെ ചാസ്നയിലെ ഷാർഗാരി വനമേഖലയിൽ നടത്തിയ റെയ്ഡിൽ വൻ ആയുധശേഖരം കണ്ടെടുത്തു. തീവ്രവാദികളുടെ ഒളിത്താവളത്തിൽ നിന്നാണ് ആയുധം കണ്ടെടുത്തത്.