കൊലപാതകം : പ്രവാസിക്ക് ജീവപര്യന്തം തടവ്

മനാമ : തന്റെ തൊഴിൽ ദാതാവിനെ കൊലപ്പെടുത്തിയ ഇന്ത്യൻ പ്രവാസിക്ക് ജീവപര്യന്തം തടവ്. ഈസ്റ്റ് റിഫയിലെ ഒരു കെട്ടിടത്തിലാണ് തലയ്ക്ക് അടിയേറ്റ് രക്തം വാർന്ന് കൊല്ലപ്പെട്ട നിലയിൽ മുഹമ്മദ് സുൽത്താൻ അൽ മുത്വായെ കണ്ടെത്തിയത്. 2011 ജനുവരി 21നാണ് കേസിനാസ്പദമായ സംഭവം. മുത്വയുടെ ഡ്രൈവറായ 36കാരനാണ് കൊലയ്ക്ക് പിന്നിൽ. തെളിവുകളുടെ അഭാവത്തിൽ ഹൈ ക്രിമിനൽ കോർട് പ്രതിയെ വെറുതെ വിട്ടെങ്കിലും പ്രോസിക്യൂഷൻ സുപ്രീം ക്രിമിനൽ അപ്പീൽ കോർട്ടിൽ നൽകിയ അപ്പീലിനെത്തുടർന്നാണ് ഇപ്പോൾ വിധി വന്നത്. പ്രതി 25 വർഷം തടവ് അനുഭവിക്കണം.
മുത്വയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് രക്തം വാർന്ന് മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. െസ്റ്റപ്പിൽ തലയടിച്ച് വീണാണ് മുത്വ മരിച്ചതെന്ന് പ്രതി പറഞ്ഞിരുന്നു. ജോലി സംബന്ധമായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൃത്യം നടത്തിയ അന്നുതന്നെ പ്രതി നാടുവിടാൻ ശ്രമിച്ചതും സ്‌പോൺസറുടെ കാർ താക്കോൽ ഉൾപ്പെടെ ഹൈവേയിൽ ഉപേക്ഷിച്ചതും സംശയത്തിനിടയാക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലാകുന്നത്.