ഇന്ത്യ പാക്കിസ്ഥാനുമായി യുദ്ധം ചെയ്യണമെന്ന് സുബ്രഹ്മണ്യൻ സ്വാമി

മുംബൈ : കുൽഭൂഷൺ ജാദവ് വിഷയത്തിൽ ഇന്ത്യ പാക്കിസ്ഥാനുമായി യുദ്ധം ചെയ്യണമെന്ന് ബിജെപി മുതിർന്ന നേതാവ് സുബ്രഹ്മണ്യൻ സ്വാമി. യുദ്ധം ചെയ്ത് അവരെ നാലു കഷ്ണങ്ങളാക്കണമെന്ന് ജാദവിന്റെ മാതാവിനെയും ഭാര്യയെയും പാക്കിസ്ഥാൻ അപമാനിച്ചെന്ന വാർത്തയോട് അദ്ദേഹം പ്രതികരിച്ചു. യുദ്ധത്തിനുള്ള നടപടികൾ ഗൗരവമായി ഇപ്പോൾത്തന്നെ തുടങ്ങണം. കുൽഭൂഷന്റെ അമ്മയോടും ഭാര്യയോടും പാക്കിസ്ഥാൻ കാണിച്ച സമീപനം ദ്രൗപദിയുടെ വസ്ത്രാക്ഷേപത്തിനു സമാനമാണ്. അതു വഴിതെളിയിച്ചതു യുദ്ധത്തിനാണ്, മുംബൈയിൽ ഒരു പരിപാടിയിൽ പങ്കെടുക്കവെ സ്വാമി മാദ്ധ്യമങ്ങളോട് പറഞ്ഞു. കുൽഭൂഷൺ ജാദവിനെ കാണാനെത്തിയ അമ്മ അവന്തിയെയും ഭാര്യ ചേതനയെയും പാക്കിസ്ഥാൻ അപമാനിച്ചിരുന്നു. മാതൃഭാഷയിൽ കുൽഭൂഷണുമായി സംസാരിക്കാൻ കുടുംബത്തെ അധികൃതർ അനുവദിച്ചില്ല. സുരക്ഷാ പരിശോധനയുടെ ഭാഗമായി കുലൽഭൂഷണിന്റെ ഭാര്യ ചേതന്റെ താലിമാല, വളകൾ തുടങ്ങിയവ അടക്കമുള്ള ആഭരണങ്ങൾ അഴിപ്പിച്ചു. ചെരുപ്പു ധരിക്കാൻ അനുവദിച്ചില്ല. കൂടിക്കാഴ്ചയ്ക്കുശേഷം ചേതനയ്ക്കു ചെരുപ്പുകൾ തിരികെ ലഭിച്ചതുമില്ല.
അവർക്കെതിരെ യുദ്ധം നടത്തേണ്ട കാലം അതിക്രമിച്ചു. അവരെ നാലു കഷ്ണങ്ങളാക്കണം. ഉടൻ യുദ്ധം ചെയ്യണമെന്നല്ല പറയുന്നത്. എന്നാൽ ഉടൻ തന്നെ യുദ്ധത്തിനുള്ള ഗൗരവതരമായ പഠനങ്ങൾ നടത്തണം. ഇതെന്റെ വ്യക്തിപരമായ അഭിപ്രായമാണ്. അതു മിക്കപ്പോഴും പാർട്ടിയുടെ അഭിപ്രായവുമാകാറുണ്ട്. ചൊവ്വാഴ്ച ഇന്ത്യ നടത്തിയ വെടിവയ്പ്പിൽ മൂന്നു പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടത് ഇതിനുള്ള മറുപടിയാണോ എന്ന ചോദ്യത്തിന് അതു നല്ലതാണെന്നും എന്നാൽ സ്ഥിരമായ ഒരു പരിഹാരം അത്യാവശ്യമാണെന്നും പാക്കിസ്ഥാനെ ചിതറിപ്പിക്കേണ്ടതുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 40 മിനിറ്റോളം നീണ്ട കൂടിക്കാഴ്ചയുടെ അന്തരീക്ഷം ഭീതിപ്പെടുത്തുന്ന തരത്തിലായിരുന്നെന്നും വിദേശകാര്യ മന്ത്രാലയവൃത്തങ്ങൾ പറഞ്ഞു.
കുൽഭൂഷണിന്റേതു സമ്മർദത്തിന്റെ ശരീരഭാഷയായിരുന്നെന്നും പാക്കിസ്ഥാന്റെ നുണപ്രചാരണങ്ങൾ ഏറ്റുപറയിക്കുകയായിരുന്നെന്നും വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. 22 മാസത്തിനു ശേഷമാണ് ഭാര്യ ചേതനയും അമ്മ അവന്തിയും കുൽഭൂഷനെ കണ്ടത്. കൂടിക്കാഴ്ച ചിത്രീകരിക്കാൻ പാക്ക് മാധ്യമങ്ങളൾക്കു സർക്കാർ അനുമതി നൽകിയിരുന്നു. കുടുംബത്തെ കാണാൻ അനുവദിച്ചതിൽ പാകിസ്ഥാനോട് നന്ദി പറഞ്ഞ കുൽഭൂഷൺ ജാദവ് തന്റെ ആവശ്യപ്രകാരമാണ് കുടുംബത്തെ കാണാൻ അനുവദിച്ചതെന്നും പറഞ്ഞു.