ഗുരുതരമായി പരിക്കേറ്റവരുമായിപോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു

മൂവാറ്റുപുഴ : അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രോഗിയെയും കൊണ്ട് കോലഞ്ചേരി മെഡിക്കൽ കോളേജിലേക്കു പോയ ആംബുലൻസ് കാറിലിടിച്ച് മറിഞ്ഞു. ബൈക്ക് അപകടത്തിൽപ്പെട്ട് തലയ്ക്ക് സാരമായി പരിക്കേറ്റ വെള്ളാരംകല്ല് കിളിക്കാട്ട് തോട്ടത്തിൽ ബിജി ഷാജി(37)യെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നു കൊണ്ടുപോകുന്പോഴായിരുന്നു അപകടം. ബിജിക്ക് ഈ അപകടത്തിലും പരിക്കുപറ്റി. ബിജിയുടെ ഭർത്താവ് ഷാജിക്കും പരിക്കേറ്റു. മകനും നിസ്സാര പരിക്കുണ്ട്. കാർ ഡ്രൈവർ കടാതി മൂലംകുഴി ടോമിക്കും ചെറിയ പരിക്കേറ്റു.
കടാതി സംഗമംപടിയിൽ ആംബുലൻസിനു മുന്നിലൂടെ പെട്ടെന്ന് റോഡ് മുറിച്ചുകടന്ന കാർ എതിർവശത്തെ പോക്കറ്റ് റോഡിലേക്ക് തിരിഞ്ഞതാണ് അപകടത്തിനിടയാക്കിയത്. കാറിന്റെ സൈഡിൽ ഇടിച്ച് ആംബുലന്‍സ് പെട്ടെന്ന് നിർത്താൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് റോഡിൽ തലകുത്തി മറിയുകയായിരുന്നു. ആംബുലൻസിന്റെ എമർജൻസി വാതിൽ പൊളിച്ചാണ് രോഗിയെ പുറത്തെടുത്തത്. ഇവരെ നാട്ടുകാരുടെ സഹായത്തോടെ മറ്റൊരു വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു. ആംബുലൻസിൽ ഉണ്ടായിരുന്ന മറ്റുള്ളവർക്ക് പരിക്കില്ല. അപകടത്തെ തുടർന്ന് കൊച്ചി ധനുഷ്‌കോടി റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്‌സും പോലീസെത്തി ഗതാഗതം പുനഃസ്ഥാപിച്ചു.