ഹെഗ്ഡെയുടെ നാവരിയുന്നവർക്ക് ഒരു കോടി രൂപ പ്രതിഫലം

ബംഗളൂരു : കേന്ദ്രമന്ത്രി അനന്തകുമാർ ഹെഗ്ഡെയുടെ നാവരിയുന്നവർക്ക് ഒരു കോടി രൂപ പ്രതിഫലം വാഗ്ദാനം ചെയ്ത് കർണാടകയിലെ ദളിത് നേതാവ്. കലബുറഗിയിലെ മുൻ ജില്ലാ പഞ്ചായത്ത് അംഗം ഗുരുശാന്ത് പട്ടേദാർ ആണ് ഒരു കോടി വാഗ്ദാനം ചെയ്തത്. മതേതരത്വവാദികൾക്ക് തങ്ങളുടെ പിതൃത്വത്തെക്കുറിച്ച് അറിവില്ലെന്നുള്ള കേന്ദ്രമന്ത്രിയുടെ വിവാദ പ്രസംഗമാണ് പട്ടേദാറിനെ പ്രകോപിപ്പിച്ചത്.
ദളിതരെയും മുസ്ലീങ്ങളെയും മതേതരവാദികളെയും കളിയാക്കിയ മന്ത്രിയുടെ നാവരിഞ്ഞ് തന്‍റെ പക്കലെത്തിക്കുന്നവർക്ക് ഒരു കോടി നൽകുമെന്നും ഇതിനായി ഒരുമാസത്തെ സമയം അനുവദിക്കുകയാണെന്നുമാണ് പട്ടേദാർ പ്രസ്താവിച്ചത്. മതേതരത്വത്തെ അപമാനിക്കുകവഴി കേന്ദ്രമന്ത്രി ഭരണഘടനയെ അപകീർത്തിപ്പെടുത്തിയെന്നും പട്ടേദാർ ആരോപിച്ചു. ഇപ്പോൾ ഓൾ ഇന്ത്യ മജ്‌ലിസ് ഇ ഇത്തേഹാദുൾ മുസ്‌ലിമീൻ (എഐഎംഐഎം) പാർട്ടിയുമായി സഹകരിച്ചാണ് പട്ടേദാർ പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസം കൊപ്പലിൽ നടന്ന ചടങ്ങിൽ പ്രസംഗിക്കവേയാണ് കേന്ദ്രമന്ത്രി വിവാദ പരാമർശം നടത്തിയത്.