കേന്ദ്രമന്ത്രി അനന്ത്കുമാർ ഹെഗ്ഡെയ്ക്കെതിരെ പ്രകാശ്രാജ്

ചെന്നൈ : കേന്ദ്രമന്ത്രി അനന്ത്കുമാർ ഹെഗ്ഡെയെ വിമർശിച്ച് നടൻ പ്രകാശ്രാജ്. പൗരന്മാർ മതേതരരാകരുത്, അവർ തങ്ങളുടെ ജാതിയുടേയും മതത്തിന്റെയും പേരിലാകണം തിരിച്ചറിയപ്പെടേണ്ടതെന്ന ഹെഗ്ഡെയുടെ പരാമർശത്തിനെതിരെ തുറന്ന കത്തിലൂടെയാണ് പ്രകാശ് രാജിന്റെ വിമർശനം. മതേതരത്വം എന്നാൽ സ്വന്തമായി മതവും വിശ്വാസവും ഇല്ലാത്തവൻ എന്നല്ല. നാനാമതങ്ങളെ ബഹുമാനിക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന പ്രവൃത്തിയാണ്. ഇത്തരം വില കുറഞ്ഞ വാക്കുകളിലൂടെ ഒരാൾക്ക് എങ്ങനെ ഇത്രയും തരംതാഴാൻ കഴിയുമെന്നും കത്തിൽ പ്രകാശ് രാജ് ചോദിച്ചു.
മതേതരർ എന്നും പുരോഗമനവാദികൾ എന്നും സ്വയം വിശേഷിപ്പിക്കുന്നവർ സ്വന്തം മാതാപിതാക്കളുടെ രക്തം തിരിച്ചറിയാത്തവരാണെന്നും, അത്തരം തിരിച്ചറിയലുകളിലൂടെയാണ് ഒരാൾക്ക് ആത്മാഭിമാനം ഉണ്ടാകുന്നതെന്നുമായിരുന്നു അനന്തകുമാറിന്റെ പ്രസ്താവന. ഭരണഘടന കാലോചിതമായി പരിഷ്കരിക്കണം എന്ന് അഭിപ്രായപ്പെട്ട അനന്ത് കുമാർ അതിനായാണ് തങ്ങൾ വന്നിരിക്കുന്നതെന്നും പറഞ്ഞു. മുൻപും ഇത്തരത്തിലുള്ള വിവാദപ്രസ്താവനകൾ നടത്തിയിട്ടുള്ള ആളാണ് നൈപുണ്യ വികസനത്തിന്റെയും സംരംഭകത്വത്തിന്റെയും ചുമതല വഹിക്കുന്ന അനന്ദകുമാർ.