യെച്ചൂരിയെ തള്ളി പി.ബി : കോൺഗ്രസുമായി ധാരണപോലും വേണ്ട

ന്യൂഡൽഹി : സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കോൺഗ്രസ് ബന്ധം സംബന്ധിച്ച് പോളിറ്റ് ബ്യൂറോയിൽ അവതരിപ്പിച്ച കരട് രേഖ പി.ബി പാടെ പള്ളി. കോൺഗ്രസുമായി രാഷ്ട്രീയ ധാരണപോലും പാടില്ലെന്നാണ് പി.ബിയിൽ ഭൂരിപക്ഷാഭിപ്രായം ഉയർന്നത്. കോൺഗ്രസുമായി ഒരു ധാരണയും പാടില്ലെന്ന പ്രകാശ് കാരാട്ടിന്റെ ബദൽ രേഖയ്ക്ക് ആണ് പി.ബിയുടെ അംഗീകാരം ലഭിച്ചത്. കോൺഗ്രസുമായി രാഷ്ട്രീയ ധാരണ വേണ്ട എന്ന കാരാട്ടിന്റെ നിലപാടിനെ പി.ബിയിലെ ഒന്പത് അംഗങ്ങൾ അനുകൂലിച്ചപ്പോൾ ആറ് അംഗങ്ങൾ യെച്ചൂരിക്കൊപ്പം നിന്നു.
ഇതോടെ പി.ബി രേഖയായി പ്രകാശ് കാരാട്ടിന്റെ ബദൽ രേഖ കേന്ദ്ര കമ്മിറ്റിയിൽ അവതരിപ്പിക്കും. നേരത്തെ യെച്ചൂരിയുടെ കരട് രേഖ പി.ബിയും കേന്ദ്ര കമ്മിറ്റിയും തള്ളിയിരുന്നു. എന്നാൽ രേഖയിൽ ഭേദഗതി വരുത്തി വീണ്ടും പി.ബിയിൽ അവതരിപ്പിക്കുകയായിരുന്നു. എന്നാൽ ഇതും പി.ബി തള്ളുകയായിരുന്നു.
ഈ പോളിറ്റ് ബ്യൂറോ യോഗത്തിൽ സീതാറാം യെച്ചൂരി തന്റെ മുൻ നിലപാട് അൽപം മയപ്പെടുത്തി കൊണ്ടാണ് രംഗത്ത് വന്നത്. ബൂർഷ്വാ− ഭൂവുടമ പാർട്ടികളോട് മുന്നണിയായും സഖ്യമായും സഹകരിക്കാതെ ഉചിതമായ തിരഞ്ഞെടുപ്പ് അടവ് നയം വേണമെന്നായിരുന്നു യെച്ചൂരി മുന്നോട്ട് വെച്ച രേഖയുടെ കാതൽ. ബംഗാൾ ഘടകത്തിന്‍റെ പരോക്ഷ പിന്തുണമാത്രമാണ് തുടക്കം മുതൽ യെച്ചൂരിക്കുണ്ടായിരുന്നത്. കേരള ഘടകത്തെ മാത്രം മുന്നിൽ കണ്ടുകൊണ്ടാണ് കാരാട്ട് പക്ഷം കോൺഗ്രസ് സഖ്യത്തെ എതിർക്കുന്നതെന്നും ദേശീയ തലത്തിലുൾപ്പെടെ കോൺഗ്രസുമായി സഹകരിച്ചാലും കേരളത്തിലെ പാർട്ടിയെ അത് ബാധിക്കില്ലെന്നും യെച്ചൂരി അനുകൂലികൾ വാദിച്ചെങ്കിലും ഫലമുണ്ടായില്ല. പി.ബി തള്ളിയ യെച്ചൂരിയുടെ രേഖയും അടുത്ത കേന്ദ്രകമ്മറ്റിയിൽ വെക്കും.