രണ്ടില ചിഹ്നം പളനിസാമി വിഭാഗത്തിന്
ന്യൂഡൽഹി : തമിഴ്‌നാട്ടിലെ ചിഹ്നതർക്കത്തിൽ ശശികല പക്ഷത്തിന് തിരിച്ചടി. എ.ഐ.എ.ഡി.എം.കെയുടെ രണ്ടില ചിഹ്നം നിലവിലെ മുഖ്യമന്ത്രി ഇ. പളനിസാമിയും ഉപമുഖ്യമന്ത്രി ഒ. പനീർശെൽവവും നയിക്കുന്ന ഐക്യ വിഭാഗത്തിന് ഉപയോഗിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകി. എ.ഐ.എ.ഡി.എം.കെ എന്ന പേരും ഇ.പി.എസ്−-ഒ.പി.എസ് പക്ഷത്തിന് ഉപയോഗിക്കാം.
ചിഹ്നത്തിന് വേണ്ടി ശശികല പക്ഷത്തെ നേതാവായ ടി.ടി.വി ദിനകരൻ തിരഞ്ഞെടുപ്പ് കമ്മീഷനിൽ ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ ഇവരുടെ വിഭാഗത്തിന് പാർട്ടിയുടെ പിന്തുണയില്ലെന്ന് കണ്ടാണ് അപേക്ഷ തള്ളിയത്. ജയലളിതയുടെ മരണശേഷം പാർട്ടി ഒ. പനീർശൽവത്തിന്റെയും ശശികലയുടെയും നേതൃത്വത്തിൽ രണ്ട് ചേരിയായി നിലകൊള്ളുകയും ഇരുപക്ഷവും രണ്ടില ചിഹ്നത്തിനായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും ചെയ്തതിനെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നം മരവിപ്പിച്ചിരിക്കുകയായിരുന്നു. ജയലളിതയുടെ മണ്ധലമായ ചെന്നൈ ആർ.കെ നഗർ മണ്ധലത്തിലെ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായിയിട്ടായിരുന്നു ഇരുപക്ഷവും ചിഹ്നത്തിനായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. എന്നാൽ തുടർന്നു നടന്ന രാഷ്ട്രീയ കളികൾക്കിടെ പനീർശെൽവവും പളനിസാമിയും ഒന്നിച്ചു. അതോടെയാണ് ചിഹ്നം അവർക്ക് ലഭിച്ചത്.
ഇതിനിടെ, മാറ്റിവെച്ച ആർ.കെ നഗറിലെ ഉപതെരഞ്ഞെടുപ്പ് ഡിസംബർ 31ന് മുന്‍പ് നടത്തണമെന്ന് മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.


