നബീൽ രജബിന്റെ അപ്പീൽ തള്ളി
മനാമ : ബഹ്‌റൈന്റെ ആഭ്യന്തര കാര്യങ്ങളുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിന് തടവിൽ കഴിയുന്ന നബീൽ രജബിന്റെ അപ്പീൽ ഹൈ ക്രിമിനൽ കോർട്ട് ഓഫ് അപ്പീൽസ് തള്ളുകയും തടവ് ശിക്ഷ ശരിവെക്കുകയും ചെയ്തതായി ചീഫ് ഓഫ് പ്രോസിക്യൂഷൻ അബ്ദുൾറഹ്മാൻ അൽ മാവ്ദ അറിയിച്ചു. കേസിൽ പ്രതിക്ക് രണ്ട് വർഷത്തെ ജയിൽ ശിക്ഷയാണ് കോടതി വിധിച്ചിരുന്നത്.
ബഹ്‌റൈൻ സൈനിക നടപടികൾ ദുർബലമാക്കുകയും രാജ്യത്തിന്റെ സാമൂഹിക ഘടനയെ തകർക്കുകയും ചെയ്യുന്ന രീതിയിൽ രജബ് വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതായി മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. പല സഹോദര രാജ്യങ്ങളെയും രജബ് പരസ്യമായി അപമാനിച്ചിരുന്നു. ആഭ്യന്തരമന്ത്രാലയം തടവുകാരെ പീഡിപ്പിക്കുകയും, അവരെ അപമാനിക്കുകയും ചെയ്യുന്നതായും അവർക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതായും രജബ് ആരോപിച്ചിരുന്നു. രണ്ട് വർഷം മുൻപ് ജോ ജയിൽ കലാപത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥർ എടുത്ത നടപടികളെയും നജീബ് രജബ് വിമർശിച്ചിരുന്നു.


