സൊഹ്റാബുദ്ദീൻ കേസ് : ജഡ്ജിയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യം
മുംബൈ : ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ പ്രതിയായ സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദം കേട്ട ജഡ്ജി മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തം. മരണം അസ്വാഭാവികമാണെന്നും ജഡ്ജിയെ അനുകൂലവിധിക്കായി സ്വാധീനിക്കാൻ ശ്രമിച്ചെന്നും കുടുംബം വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തകർ രംഗത്തെത്തിയിരിക്കുന്നത്.
സൊഹാറാബുദ്ദീൻ വ്യാജ ഏറ്റമുട്ടൽ കേസിൽ വാദം കേൾക്കവേ 2014 ഡിസംബർ 1ന് പുലർച്ചയോടെയാണ് നാഗ്പൂരിൽ വെച്ച് സി.ബി.ഐ ജഡ്ജിയായിരുന്ന ഹർകിഷൻ ലോയ ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നത്. മരണവും പോസ്റ്റ്മോർട്ടവും സംബന്ധിച്ച് അസ്വാഭാവികത നിലനിൽക്കുന്നതായി ചൂണ്ടിക്കാട്ടി ലോയയയുടെ കുടുംബാംഗങ്ങൾ കഴിഞ്ഞ ദിവസം കാരവൻ മാഗസീനിനോട് വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ലോയയുടെ മരണം നടന്ന് മൂന്ന് വർഷത്തിന് ശേഷമാണ് നിർണായക വെളിപ്പെടുത്തലുമായി ലോയയുടെ ബന്ധുക്കൾ രംഗത്ത് വന്നിരിക്കുന്നത്. മരിക്കും മുന്‍പ് കേസിൽ അനുകൂല വിധിക്കായി 100 കോടി രൂപ ലോയയ്ക്ക് വാഗ്ദാനം ചെയ്തിരുന്നതായി കുടുംബം പറയുന്നു. ഈ സാഹചര്യത്തിലാണ് സന്നദ്ധ സംഘടയായ അൻഹദ് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടത്.
നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയ ജഡ്ജിയുടെ കുടുംബത്തിനും വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകനും മതിയായ സുരക്ഷയൊരുക്കണമെന്ന് സാമൂഹ്യ പ്രവർത്തക ശബ്നം ഹാഷ്മി ആവശ്യപ്പെട്ടു. വസ്തുതകൾ പലവട്ടം പരിശോധിച്ച ശേഷമാണ് ജഡ്ജിയുടെ കുടുംബത്തിന്‍റെ വെളിപ്പെടുത്തൽ പുറത്ത് വിട്ടതെന്ന് വാർത്താ സമ്മേളനത്തിൽ കാരവൻ അധികൃതർ വ്യക്തമാക്കി.
സൊഹ്റാബുദ്ധീൻ ഷെയ്ഖ് കൊല്ലപ്പെട്ട ഏറ്റുമുട്ടൽ നടക്കുന്പോൾ അമിത് ഷാ ആയിരുന്നു ഗുജറാത്ത് ആഭ്യന്തരവകുപ്പ് മന്ത്രി. നീതിന്യായ വകുപ്പും അദ്ദേഹത്തിന്റെ കയ്യിലായിരുന്നു. ജഡ്ജി ലോയ കൊല്ലപ്പെടുന്പോൾ അമിത് ഷാ ബി.ജെ.പിയുടെ ദേശീയ അദ്ധ്യക്ഷനാണ്. ലോയയുടെ മരണം കഴിഞ്ഞ ഒരു മാസം പൂർത്തിയാവുന്ന ഡിസംബർ 30ന് അമിത് ഷായെ കുറ്റവിമുക്തനാക്കി കൊണ്ട് മുംബൈ പ്രത്യേക സി.ബി.ഐ കോടതി ഉത്തരവ് പുറത്തുവന്നു. അമിത് ഷായ്ക്കെതിരെ വ്യക്തവും മതിയായതുമായ തെളിവ് ഇല്ലെന്നും കേസ് അന്വേഷിച്ച സി.ബി.ഐ അനുമാനങ്ങളെ പൂർണമായും ഉൾക്കൊളളാനാവില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി എംബി ഗോസാവിയുടെ ഉത്തരവ്.
നരേന്ദ്ര മോഡി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിൽ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന അമിത് ഷായെ 2005−06 കാലയളവിൽ നടന്ന രണ്ട് വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ സി.ബി.ഐ പ്രതിചേർത്തിരുന്നു.


