മുത്തലാഖ് നിരോധിക്കാൻ കേന്ദ്ര സർക്കാർ നിയമം കൊണ്ടുവരുന്നു
ന്യൂഡൽഹി : മുസ്‌ലിം സമുദായത്തിൽ വിവാഹ മോചനത്തിന് മുത്തലാഖ് ഉപയോഗിക്കുന്നത് തടയുന്നതിന് നിയമം കൊണ്ടുവരാൻ കേന്ദ്രം നീക്കം നടത്തുന്നതായി റിപ്പോർട്ട്. മുത്തലാഖിന് സുപ്രീംകോടതി ഏർപ്പെടുത്തിയ നിരോധനം നിയമ വിധേയമാക്കുന്നതിനായാണ് സർക്കാർ നടപടി. മുത്തലാഖിന് ഇരകളായ സ്ത്രീകൾ പരാതി നൽകിയാൽ നിയമ നടപടി എന്തെന്ന കാര്യത്തിൽ വ്യക്തത വരുത്തുകയാണ് നിയമ ഭേദഗതിയിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത്.
ബിൽ പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. നിയമ ഭേദഗതി ബില്ലിന്‍റെ കരട് തയ്യാറാക്കുന്നതിനായി കേന്ദ്ര സർക്കാർ മന്ത്രിതല സമിതിക്ക് രൂപം നൽകി. മുസ്‌ലിം സ്ത്രീകളുടെ മൗലികാവകാശങ്ങളെയും ലിംഗ സമത്വത്തെയും ലംഘിക്കുന്നതാണെന്നും നിയമ വിരുദ്ധമാണെന്നും കണ്ടെത്തിയാണ് മുത്തലാഖ് ഉപയോഗിക്കുന്നതിന് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിരോധനം ഏർപ്പെടുത്തിയത്. എന്നാൽ, മുത്തലാഖ് ഉപയോഗിക്കുന്നവർക്കെതിരെ നിയമ നടപടി എന്തെന്ന കാര്യത്തിൽ അവ്യക്തത ഉടലെടുത്ത സാഹചര്യത്തിലാണ് സർക്കാർ നിയമ ഭേദഗതി വരുത്താൻ നടപടി ആരംഭിച്ചത്.


