രാഹുൽ ഗാന്ധി ഡിസംബറിൽ കോൺഗ്രസ് അദ്ധ്യക്ഷനാകും
ന്യൂഡൽഹി : കോൺഗ്രസിൽ തലമുറ മാറ്റത്തിന് വഴിയൊരുക്കി അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് രാഹുൽ ഗാന്ധിയെ അവരോധിക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് സമയക്രമം പ്രഖ്യാപിച്ചു. ഡിസംബർ ഒന്നിനാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുക. നാലാം തീയതി വരെ നാമനിർദ്ദേശ പത്രിക സ്വീകരിക്കും. രാഹുൽ അല്ലാതെ മറ്റ് സ്ഥാനാർത്ഥികളില്ലെങ്കിൽ അന്നുതന്നെ ഫലപ്രഖ്യാപനം ഉണ്ടാകും. സ്ഥാനാർത്ഥികളുണ്ടെങ്കിൽ ഡിസംബർ 16ന് തിരഞ്ഞെടുപ്പ് നടത്തും. 19നാണ് ഫലം പ്രഖ്യാപിക്കുക. ഡിസംബർ 31ഓടെ സംഘടനാ തിരഞ്ഞെടുപ്പ് പൂർത്തിയാവും. രാഹുലിനെതിരെ ആരും മത്സരിക്കില്ലെന്നതിനാൽ തന്നെ തിരഞ്ഞെടുപ്പ് സാങ്കേതികം മാത്രമാണ്.
കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ ഔദ്യോഗിക വസതിയായ 10, ജൻപഥിൽ ചേർന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. രാഹുൽ ഗാന്ധിയെ കോൺഗ്രസ്് അദ്ധ്യക്ഷനാക്കണമെന്ന പ്രമേയം യോഗം ഒറ്റക്കെട്ടായി അംഗീകരിച്ചു. ഡിസംബർ ഒൻപതിന് നടക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിതിന് മുൻപ് രാഹുൽ അദ്ധ്യക്ഷനാകണമെന്ന വികാരം പാർട്ടിക്കുള്ളിൽ ശക്തമായിരുന്നു.
ഔപചാരികമായി രാഹുൽ അദ്ധ്യക്ഷപദവി ഏറ്റെടുക്കുന്നത് ഡിസംബർ അവസാനമോ ജനുവരിയിലോ ചേരുന്ന എ.ഐ.സി.സിയുടെ പ്ലീനറി സമ്മേളനത്തിലായിരിക്കും. ഡൽഹിയോ ബംഗളൂരുവോ ആയിരിക്കും വേദി. പ്രവർത്തക സമിതിയിലേയ്ക്കുള്ള പകുതി അംഗങ്ങളെ പ്ലീനറി സമ്മേളനത്തിൽ തിരഞ്ഞെടുക്കും. ബാക്കി അംഗങ്ങളെ അദ്ധ്യക്ഷൻ നാമനിർദ്ദേശം ചെയ്യും.
അതേസമയം, മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്‍റണി ഉപാദ്ധ്യക്ഷനായേക്കുമെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. രാഹുൽ ഗാന്ധി അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടുന്പോൾ മാർഗ്ഗനിർദ്ദേശിയായി ഒരു മുതിർന്ന നേതാവ് കൂടെ ഉണ്ടാവണമെന്ന വാദമാണ് മറ്റ് നേതാക്കൾ ഉയർത്തിയത്. എന്നാൽ, സോണിയയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലിനെ ഉപാദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് പരിഗണിക്കാമെന്ന അഭിപ്രായം ഒരു വിഭാഗാം നേതാക്കൾക്കുണ്ട്.


