മാവോയിസ്റ്റ് ഭീഷണി : കണ്ണൂർ കലക്ടറേറ്റിൽ പരിശോധന നടത്തി
കണ്ണൂർ : മാവോയിസ്റ്റ് ഭീഷണിയെതുടർന്ന് കണ്ണൂർ കലക്ടറേറ്റിൽ കനത്ത സുരക്ഷ സുരക്ഷയൊരുക്കി. നിലന്പൂരിൽ മാവോയിസ്റ്റുകൾ ഏറ്റുമുട്ടലിൽ മരിച്ചതിന്റെ വാർഷികദിനമായ ശനിയാഴ്ച പോലീസ് പുറപ്പെടുവിച്ച ജാഗ്രതാ നിർദേശത്തെ തുടർന്ന് കലക്ടറേറ്റിൽ പരിശോധന നടന്നു. പോലീസും ബോംബ് സ്ക്വാഡും ചേർന്ന് കലക്ടറ്റിേൽ നടത്തിയ പരിശോധന രാവിലെ 9.30ന് മുതൽ 12 വരെ നീണ്ടു നിന്നു.
ഓഫീസുകളിലെ ഫയലുകൾ, അലമാരകൾ, ജീവനക്കാരുടെ ഇരിപ്പിടങ്ങൾ, ശുചിമുറി എന്നിവിടങ്ങളെല്ലാം പരിശോധിച്ചു. കലക്ടറേറ്റ് വളപ്പിൽ നിർത്തിയിട്ട വാഹനങ്ങൾ, ഉപയോഗശൂന്യമായ വാഹനങ്ങൾ, പൂന്തോട്ടം, ക്യാന്റീൻ എന്നിവിടങ്ങളിലും പരിശോധന നടത്തി. സംശയാസ്പദ സാഹചര്യം ഒന്നുമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് പരിശോധന അവസാനിപ്പിച്ചത്. ബോംബ് സ്ക്വാഡ് എസ.്ഐ ടി.വി ശശിധരൻ നേതൃത്വം നൽകി.
മലയോര, ആദിവാസി മേഖലകൾ ഉൾപ്പെടുന്ന കണ്ണൂരുൾപ്പടെയുള്ള ജില്ലകളിൽ പോലീസ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. രഹസ്യാന്വേഷണ വിഭാഗം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. മലയോര മേഖലയിൽ തണ്ടർബോൾട്ട് ഉൾപ്പെടെയുള്ള സായുധ പോലീസിനെ കഴിഞ്ഞ ഒരാഴ്ചയായി വിന്യസിച്ചു. വനമേഖലയും ആദിവാസി മേഖലയും നിരീക്ഷണത്തിലായിരുന്നു. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലും പ്രത്യേക നിരീക്ഷണത്തിലായിരുന്നു.


