കാശ്മീരിൽ ആറ് മാസത്തിനിടെ കൊല്ലപ്പെട്ടത് 80 തീവ്രവാദികൾ

ശ്രീനഗർ : ആറ് മാസത്തിനിടെ ജമ്മു കാശ്മീരിൽ 80 തീവ്രവാദികൾ കൊല്ലപ്പെട്ടതായി സൈന്യം. ഭീകരസംഘടനകളുടെ നേതൃത്വത്തിൽനിന്നുൾപ്പെടെയുള്ളവരെയാണ് ഇക്കാലയളവിൽ സൈന്യം വധിച്ചത്. എന്നിരുന്നാലും കാശ്മീരിൽ ഇപ്പോൾ 115 തീവ്രവാദികൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇവരിൽ 99 പേർ സ്വദേശികളും 16 പേർ വിദേശികളുമാണെന്നും ആർമി വിക്ടർ ഫോഴ്സ് മേജർ ജനറൽ ബി.എസ് രാജു അറിയിച്ചു. കഴിഞ്ഞ ദിവസം ഷോപ്പിയാനിൽ യുവ ബി.ജെ.പി നേതാവ് കൊല്ലപ്പെട്ടത് ഭീകരരുടെ നിരാശയുടെ പ്രതിഫലനമാണെന്നും സുരക്ഷാ സേനയ്ക്ക്മേൽ കയ്യൂക്ക് പ്രകടിപ്പിക്കാൻ കഴിയാത്തതിന്‍റെ നിരാശയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.