2001 മു­തലു­ള്ള കൽ­പ്പി­ത എൻ­ജി­ ബി­രു­ദങ്ങൾ സു­പ്രീംകോ­ടതി­ റദ്ദാ­ക്കി­


2001 മുതലുള്ള കറസ്പോണ്ടൻസ് എഞ്ചീനിയറിംഗ് ബിരുദങ്ങൾ സുപ്രീം കോടതി റദ്ദാക്കി. കറസ്പോണ്ടൻസ് കോഴ്സ് വഴി നേടുന്ന എഞ്ചീനിയറിംഗ് ബിരുദങ്ങൾ യു.ജി.സിയോ ആൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷനോ അംഗീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസുമാരായ എ.കെ ഗോയൽ, യു.യു ലളിത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ സുപ്രധാന വിധി. എ.ഐ.സി.ടി.ഇ അംഗീകാരം ഇല്ലാതിരുന്നിട്ടും തമിഴ്നാട്ടിലെ വിനായക മിഷൻ റിസർച്ച് ഫൗണ്ടേഷന്റേതടക്കമുള്ള നാല് കൽപ്പിത സർവ്വകലാശാലകൾ 2001 മുതൽ എഞ്ചിനിയറിംഗ് ബിരുദം നൽകിയത് ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കവേയാണ് കോടതിയുടെ ഉത്തരവ്. ഇത്തരം കറസ്പോണ്ടൻസ് സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിന് വേണ്ട സൂക്ഷ്മപരിശോധന ഇല്ലാതെയാണ് 16 വർഷമായി ഈ സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നതെന്നാണ് കോടതി വിധിയിലൂടെ വെളിവാകുന്നത്. വിധി വന്നതോടെ ആയിരക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെ ജീവിതമാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. ഈ ഡിഗ്രിയുടെ അടിസ്ഥാനത്തിൽ വിവിധ സ്ഥാപനങ്ങളിൽ നിരവധി പേരാണ് ജോലിയിൽ പ്രവേശിച്ചിരിക്കുന്നത്.

അതേസമയം, 2001നും 2005നും ഇടയിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് തങ്ങളുടെ ബിരുദം നിലനിർത്തുന്നതിന് എ.ഐ.സി.ടി.ഇ നടത്തുന്ന പുതിയ പരീക്ഷയ്ക്ക് അപേക്ഷിക്കാൻ അനുമതി നൽകിയിട്ടുണ്ട്. 2005ന് ശേഷമുള്ള വിദ്യാർത്ഥികളുടെ കാര്യത്തിൽ ഒരു ദയയും കാണിക്കാതിരുന്ന കോടതി, കൽപ്പിത സർവ്വകലാശാലകളുടെ ബിരുദത്തിന് അംഗീകാരം ഇല്ലാതിരുന്നത് വിദ്യാർത്ഥികൾക്ക് അറിയാമായിരുന്നെന്നും വിലയിരുത്തി. 

ഇതേസമയം, പഠന കാലയളവിൽ വിദ്യാർത്ഥികൾക്ക് ലഭിച്ച സാന്പത്തിക ആനുകൂല്യം ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നോ ഉദ്യോഗസ്ഥരിൽ നിന്നോ തിരിച്ചു പിടിക്കില്ല. വിദ്യാർത്ഥികളിൽ നിന്ന് വാങ്ങിയ തുക സർവ്വകലാശാലകളോട് തിരിച്ചു നൽകാനും കോടതി നിർദ്ദേശിച്ചു. എ.ഐസി.ടി.ഇയുടെ അംഗീകാരമില്ലാതെ കോഴ്സുകൾ നടത്തരുതെന്ന് കൽപ്പിത സർവ്വകലാശാലകളോട് നിർദ്ദേശിച്ച കോടതി, പ്രവേശനം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്താനും സി.ബി.ഐയോട് ആവശ്യപ്പെട്ടു. കൽപ്പിത സർവ്വകലാശാലകൾ നടത്തുന്ന കോഴ്സുകളുടെ മേൽനോട്ടത്തിന് പുതിയ സംവിധാനം കൊണ്ടുവരാനും സുപ്രീം കോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചു. 

വിദ്യാഭ്യാസ കച്ചവടം തടയുന്നതിൽ യു.ജി.സി അന്പേ പരാജയപ്പെട്ടെന്ന് കോടതി കുറ്റപ്പെടുത്തി. വിവിധ സ്ഥാപനങ്ങൾക്ക് നൽകിയിരിക്കുന്ന കൽപ്പിത പദവി പുനഃപരിശോധിക്കാനും കോടതി കേന്ദ്രത്തിന് നിർദ്ദേശം നൽകി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed