ചൈനീസ് ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് ഇന്ത്യ നിയന്ത്രണമേർപ്പെടുത്തി

ന്യൂഡൽഹി: ചൈനയിൽ നിന്നുള്ള പല ഇനങ്ങളുടെയും ഇറക്കുമതിക്ക് ഇന്ത്യ നിയന്ത്രണവും പിഴച്ചുങ്കവും ചുമത്തി. ഇന്ത്യ −ചൈന വ്യാപാരം പ്രായോഗികമായി ചൈന ഇന്ത്യയിലേക്ക് വലിയ അളവിൽ സാധനങ്ങൾ കയറ്റി അയയ്ക്കുന്നതിൽ ഒതുങ്ങുന്നു. 2016−17−ൽ ചൈന ഇന്ത്യയിലേക്ക് 6128 കോടി ഡോളറിന്‍റെ സാധനങ്ങൾ കയറ്റുമതി ചെയ്തു. ഇന്ത്യയിൽ നിന്ന് വാങ്ങിയതാകട്ടെ 1020 കോടി ഡോളറിന്‍റെ സാധനങ്ങൾ മാത്രം. വ്യാപാര ബന്ധത്തിലെ ഈ അസന്തുലനം കുറയ്ക്കണമെന്നതാണ് ഇന്ത്യ ചൈനീസ് ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്കു നിയന്ത്രണം ഏർപ്പെടുത്തിത്.
കൂടാതെ ചില കാര്യങ്ങളിൽ ഇന്ത്യയിലെ വ്യവസായങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യവും ഉണ്ട്. ചൈന പക്ഷേ ഇന്ത്യയുടെ ഭീഷണികൾ ഗൗനിക്കുന്നതേ ഇല്ലെന്നതാണ് സത്യം. ഇന്ത്യയിലേക്കുള്ളത് ചൈനയുടെ മൊത്തം കയറ്റുമതിയുടെ രണ്ട് ശതമാനമേ വരൂ. ചൈനീസ് കളിപ്പാട്ടങ്ങൾക്ക് മാനദണ്ധങ്ങൾ നിശ്ചയിച്ചു. മൊബൈൽ ഫോണിന്‍റെ സ്ക്രീനിൽ ഉപയോഗിക്കുന്ന ബലപ്പെടുത്തിയ ഗ്ലാസിന് ആന്‍റി ഡംപിംഗ് ഡ്യൂട്ടി ചുമത്തി. ബസുകൾക്കും ട്രക്കുകൾക്കുമുള്ള റേഡിയൽ ടയറിനും പിഴച്ചുങ്കം ഏർപ്പെടുത്തി.ഫോണുകളുടെ സുരക്ഷിതത്വം സംബന്ധിച്ച് ഉറപ്പുവരുത്താൻ തക്ക നടപടികൾ ഉണ്ടെങ്കിലേ സ്മാർട് ഫോണുകൾ വിൽക്കാൻ അനുവദിക്കൂ എന്നും ഉപയോക്താക്കളുടെ വിവരങ്ങൾ ഫോൺ വഴി ചോർത്തുന്നതിനുള്ള പ്രതിരോധ സംവിധാനം ഫോണിൽ വേണമെന്ന് ഇന്ത്യ 21 ഫോൺ നിർമ്‍മാതാക്കൾക്ക് കേന്ദ്രം മുന്നറിയിപ്പ് നൽകി. വൈദ്യുതിയുടെ ഉൽപാദന − വിതരണ മേഖലകളിൽ ചൈനീസ് കന്പനികളുടെ പ്രവേശനത്തിനു പല തടസങ്ങളും ഉയർത്തിക്കഴിഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന്‍റെ ക്ലിയറൻസ് ഉള്ള കന്പനികളെയേ അനുവദിക്കൂ. ചൈനീസ് കന്പനിക്ക് കരാർ ലഭിച്ചാലും ഭൂരിപക്ഷം ജോലിക്കാരും മാനേജർമാരും ഇന്ത്യക്കാരാകണമെന്നും വ്യവസ്ഥ വച്ചു.