ബി.ജെ.പിയെ ഇകഴ്ത്തിയും രാഹുലിനെ പുകഴ്ത്തിയും ശിവസേന

മുംബൈ : ബി.ജെ.പിക്കെതിരെ മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ ശിവസേന രംഗത്ത്. ബി.ജെ.പിയാണ് തങ്ങളുടെ മുഖ്യ എതിരാളിയെന്ന് ശിവസേനയുടെ രാജ്യസഭാ എം.പി സഞ്ജയ് റാവത്ത് പ്രഖ്യാപിച്ചു. മഹാരാഷ്ട്ര ഭരിക്കുന്ന എൻ.ഡി.എ സർക്കാരിന്റെ മൂന്നാം വാർഷികത്തിലാണ് ഇരുപാർട്ടികൾക്കുമിടയിലെ വിള്ളൽ കൂടുതൽശക്തമാക്കിക്കൊണ്ട് ശിവസേന നേതാവ് പ്രസ്താവന നടത്തിയിരിക്കുന്നത്.
ഒരു സർക്കാർ അധികാരത്തിൽ വേണമെന്ന് തങ്ങൾ ആഗ്രഹിക്കുന്നതുകൊണ്ട് മാത്രമാണ് ദേവേന്ദ്ര ഫഡനാവിസ് സർക്കാർ അധികാരത്തിൽ നിലനിൽക്കുന്നതെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. ബി.ജെ.പിക്കെതിരെ ശക്തമായ ഭാഷയിൽ സംസാരിച്ച റാവത്ത് രാഹുൽ ഗാന്ധിയെ പുകഴ്ത്തുകയും ചെയ്തു. ജനങ്ങളാൽ അംഗീകരിക്കപ്പെട്ട നേതാവാണ് രാഹുലെന്നും 2014 ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം വലിയ മാറ്റങ്ങളാണ് അദ്ദേഹത്തിലുണ്ടായതെന്നും പറഞ്ഞ സഞ്ജയ് റാവത്ത് ജനങ്ങൾ ഇപ്പോൾ രാഹുൽ ഗാന്ധി പറയുന്നത് കേൾക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചു തുടങ്ങിയെന്നും ചൂണ്ടിക്കാട്ടി. 2019−ൽ നടക്കുന്ന സംസ്ഥാന നിയമസഭാ−ലോക്സഭാ തിരഞ്ഞെടുപ്പുകളിലേക്കായി പാർട്ടി അദ്ധ്യക്ഷൻ ഉദ്ധവ് താക്കറേയുടെ നേതൃത്വത്തിൽ തങ്ങൾ തയ്യാറെടുപ്പ് തുടങ്ങിയെന്നും ബി.ജെ.പിയെ ഒപ്പം നിർത്തിയോ ഒറ്റയ്ക്കോ തിരഞ്ഞെടുപ്പ് നേരിടാൻ ശിവസേന സജ്ജമാണെന്നും സഞ്ജയ് കൂട്ടിച്ചേർത്തു.