വാതുവെപ്പ് സംഘം പിടിയിൽ

ന്യൂഡൽഹി : ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ വാതുവെപ്പ് സംഘം നോയിഡയിൽ അറസ്റ്റിലായി. 100 കോടിയിലധികം രൂപയുടെ കള്ളപ്പണം വാതുവെപ്പിലൂടെ സമാഹരിച്ച റാക്കറ്റാണ് ആദായനികുതി ഉദ്യോഗസ്ഥരുടെ പിടിയിലായത്. നോയിഡയിലെ ഒരു ബംഗ്ലാവ് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനം. ഗോവയിലെ ഒരു കാസിനോയുമായി ബന്ധപ്പെട്ട പണമിടപാടിന്‍റെ അന്വേഷണമാണ് ഇവരിലേക്കെത്തിച്ചത്.
നോയിഡയ്ക്ക് പുറമേ കൊൽക്കത്ത, ഡൽഹി, ഗോവ എന്നിവിടങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ് സംഘടിപ്പിച്ചിരുന്നു. റെയ്ഡിൽ രണ്ട് കോടിയിൽ അധികം രൂപയും സ്വർണാഭരണങ്ങളും വൻ വിദേശ കറൻസി ശേഖരവും പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു വ്യവസായിയാണ് സംഘത്തിന്‍റെ തലവനെന്നാണ് ലഭിച്ചിരിക്കുന്ന സൂചന. ഇവരുടെ പ്രവർത്തനം കേന്ദ്രീകരിച്ചിരുന്ന നോയിഡയിലെ ബംഗ്ലാവിൽ ഒരു ചെറിയ ടെലഫോണ്‍ എക്സ്ചേഞ്ച് വരെ സംഘം സജ്ജീകരിച്ചിരുന്നു. 27 മൊബൈൽ ഫോണുകൾ ഇവിടെനിന്നും പിടിച്ചെടുത്തിട്ടുണ്ട്.