പിറന്നാൾ ദിനത്തിൽ പ്രധാനമന്ത്രിക്ക് 68 പൈസയുടെ ചെക്ക്

ഹൈദരാബാദ് : പിറന്നാൾദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് 68 പൈസയുടെ ചെക്ക് അയച്ച് പ്രതിഷേധം. ആന്ധ്രാപ്രദേശിലെ റായലസീമയിൽ നിന്നുള്ള കർഷകരാണ് ഇത്തരത്തിലുള്ള ഒരു പ്രതിഷേധവുമായി രംഗത്തെത്തിയത്. സപ്തംബർ 17ന് ആയിരുന്നു മോഡിയുടെ പിറന്നാൾ. പ്രദേശത്തെ കർഷകരുടെ പിന്നാക്കാവസ്ഥ പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തുന്നതിനായി വരൾച്ചാ ദുരിതമനുഭവിക്കുന്ന റായലസീമയിലെ കർഷകർക്കിടയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ സഗുനീതി സാധന സമിതി (ആർ..എസ്.എസ്.എസ്)യാണ് 68 പൈസയുടെ ചെക്ക് പ്രധാനമന്ത്രിക്ക് പിറന്നാൾ ദിനത്തിൽ അയച്ചുകൊടുത്തതെന്നാണ് റിപ്പോർട്ട്.
68 പൈസയുടെ നാനൂറ് ചെക്കുകളാണ് പ്രധാനമന്ത്രിക്ക് ഇവർ അയച്ചത്. പ്രകൃതിവിഭവങ്ങൾ ധാരാളമായുണ്ടെങ്കിൽ കൂടിയും രാജ്യത്തെ തന്നെ ഏറ്റവും പിന്നാക്കാവസ്ഥയിലുള്ള പ്രദേശമാണ് റായലസീമ. കൃഷ്ണ, പെന്ന നദികൾ ഒഴുകുന്നുണ്ടങ്കിലും കടുത്ത ജലക്ഷാമമാണ് കുർണൂൽ, അനന്തപുർ, ചിറ്റൂർ, കാപാഡ ജില്ലകൾ നേരിടുന്നതെന്ന് ആർ.എസ്.എസ്.എസ് പറയുന്നു. ഞങ്ങൾ 68 പൈസയുടെ ചെക്ക് അയച്ചത് ശ്രദ്ധ ഞങ്ങളിലേക്ക് ലഭിക്കാനുള്ള സൂചകമെന്ന നിലയിലാണെന്ന് ആർ.എസ്. എസ്.എസ് കോ കൺവീനർ യേർവ രാമചന്ദ്ര റെഡ്ഡി പറഞ്ഞു. മഴ ലഭിക്കുന്ന കാര്യത്തിൽ താർ മരുഭൂമിക്ക് ശേഷം രണ്ടാമതായാണ് അനന്ത്പുറിന്റെ സ്ഥാനം. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും പ്രതിപക്ഷ നേതാവ് ജഗ് മോഹൻ റെഡ്ഡിയും റായലസീമയിൽ നിന്നുള്ളവരാണ്. എങ്കിലും അവർ വേണ്ടത്ര ഗൗനിക്കുന്നില്ലെന്നാണ് ആർ.എസ്.എസ്.എസ്സിന്റെ ആരോപണം.