അർജൻ സിംഗിന് പൂർണ ബഹുമതികളോടെ രാജ്യം വിട നൽകി

ന്യൂഡൽഹി : കഴിഞ്ഞ ദിവസം അന്തരിച്ച മാർഷൽ ഓഫ് ദി എയർഫോഴ്സ് അർജൻ സിംഗിന് പൂർണ സൈനിക ബഹുമതികളോടെ രാജ്യം വിട നൽകി. ഡൽഹി ബ്രാർ ചത്വരത്തിൽ നടന്ന സംസ്കാര ചടങ്ങിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ, മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ അദ്വാനി എന്നിവരും കര−വ്യോമ−നാവിക സേനാ മേധാവികളും പങ്കെടുത്തു. ശനിയാഴ്ച രാത്രിയാണ് ഹൃദയാഘാതത്തെത്തുടർന്ന് അർജൻ സിംഗ് അന്തരിച്ചത്. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഡൽഹിയിലെ സർക്കാർ ഓഫീസുകളിലെയും മന്ദിരങ്ങളിലെയും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടിയിരുന്നു. അർജൻ സിംഗിന്റെ അന്ത്യയാത്രയിൽ വ്യോമസേന ബാന്റ് സംഘം അകന്പടി സേവിച്ചു.
ഡൽഹിയിലെ അദ്ദേഹത്തിന്റെ വസതിയിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയുള്ള കന്റോൺെമന്റ് വരെ ഗൺ കാരിയേജിലാണ് അർജൻ സിംഗിന്റെ ഭൗതികദേഹം എത്തിച്ചത്. ജമന്തിപ്പൂക്കൾ കൊണ്ട് അത് അലങ്കരിച്ചിരുന്നു. മുന്നുസേനകളും സംയുക്തമായി ഭൗതികദേഹത്തിനൊപ്പം മാർച്ച് ചെയ്തു. സുഖോയ് യുദ്ധവിമാനങ്ങൾ ആകാശത്ത് വട്ടമിട്ടു പറന്നു. ഒടുവിൽ സൈനിക ആചാരപ്രകാരം 17 തവണ ഗൺ സല്യൂട്ടുകൾ കൂടി നൽകി രാജ്യം തന്റെ പ്രിയപ്പെട്ട ആകാശ യുദ്ധവീരന് വിടവാങ്ങൽ നൽകി.
1971ലെ യുദ്ധവീരനായിരുന്ന ഫീൽഡ് മാർഷൽ സാം മനേക്ഷായ്ക്ക് 2008 ൽ രാജ്യം സന്പൂർണ ബഹുമതികളോടെ അന്ത്യോപചാരം നൽകിയിരുന്നില്ല. 2008 ലായിരുന്നു സാം മനേക്ഷാ അന്തരിച്ചത്. അന്ന് തമിഴ്നാട്ടിലെ വെല്ലിംഗ്ടണിൽ നടന്ന സാം മനേക്ഷായുടെ സംസ്കാര ചടങ്ങിൽ സൈനിക മേധാവികളാരും പങ്കെടുത്തിരുന്നില്ല. ഇത് സൈനികരിൽ കടുത്ത അമർഷത്തിന് കാരണമായിരുന്നു. 1965 ലെ ഇന്ത്യാ − പാകിസ്ഥാൻ യുദ്ധത്തിൽ വ്യോമസേനയെ നയിച്ച അർജൻ സിംഗിന്റെ പങ്ക് ഏറെ ശ്രദ്ധേയമായിരുന്നു. ഇത് പരിഗണിച്ചാണ് വ്യോമസേനയുടെ ഏറ്റവും ഉയർന്ന ഫൈവ് സ്റ്റാർ റാങ്കായ മാർഷൽ ഓഫ് എയർഫോഴ്സ് പദവി സിംഗിന് നൽകിയത്. വ്യോമ സേനയുടെ ചരിത്രത്തിൽ അർജൻ സിംഗിന് മാത്രമാണ് എയർമാർഷൽ പദവി ഇതുവരെ ലഭിച്ചിട്ടുള്ളത്. കരസേനയിലെ ഫീൽഡ് മാർഷൽ പദവിക്ക് തുല്യമായ ഇന്ത്യൻ വ്യോമസേനയിലെ പദവിയാണിത്. ഇന്ത്യൻ വ്യോമസേനയിലെ ഏറ്റവും ഉയർന്ന പദവിയാണ് മാർഷൽ ഓഫ് ദി എയർഫോഴ്സ്. വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷലിന് തൊട്ടുമുകളിലായാണ് സ്ഥാനം. എന്നാൽ, ഔദ്യോഗികമായി സേവനത്തിലുണ്ടാകില്ല. ഒന്നാം ലോകയുദ്ധം അവസാനിച്ചകാലത്താണ് അർജൻ സിംഗ് ജനിച്ചത്.
രണ്ടാം ലോകയുദ്ധകാലത്ത് അന്നത്തെ ഇന്ത്യന് റോയൽ എയർഫോഴ്സിൽ പ്രവേശിച്ച ഇദ്ദേഹം ബർമ ഫ്രോണ്ടിയറിന്റെ ഒന്നാം സ്ക്വാഡ്രണിന്റെ കമാൻഡറായി യുദ്ധത്തിൽ പങ്കെടുത്തു. അദ്ദേഹത്തിന്റെ യുദ്ധ മികവിനെ കണക്കിലെടുത്ത് ബ്രിട്ടൺ ഡിസ്റ്റിങ്കിഷ്ഡ് ഫ്ളൈയിംഗ് ക്രോസ് ബഹുമതി നൽകി ആദരിച്ചു. തുടർന്ന് ഇന്ത്യ സ്വതന്ത്രയായതിന് ശേഷം 1964ൽ തന്റെ 45−മത്തെ വയസ്സിൽ വ്യോമസേനയുടെ തലവനായി.
പാകിസ്ഥാനുമായുള്ള 1965−ലെ യുദ്ധത്തിൽ നിർണായക വിജയത്തിന്റെ പടിവാതിലിൽനിന്നാണ് ഇന്ത്യ പിന്മാറിയത്. ഐക്യരാഷ്ട്ര സഭയുടെ ഇടപെടലില്ലായിരുന്നെങ്കിൽ പാകിസ്ഥാനെ തരിപ്പണമാക്കിയേനെയെന്ന് മാർഷൽ അർജൻ സിംഗ് പിന്നീട് പലപ്പോഴും മനസ്സുതുറന്നു. അന്ന് വ്യോമസേനാ മേധാവിയായിരുന്നു അർജൻ സിംഗ്. ബാലാരിഷ്ടതകൾ പിന്നിടാത്ത വ്യോമസേനയെ പരിമിതികൾ മറികടന്ന് സമർത്ഥമായി ഉപയോഗിച്ചാണ് അന്നത്തെ എയർചീഫ് മാർഷൽ അർജൻ സിംഗ് ഇന്ത്യയ്ക്ക് മുൻകൈ നേടിക്കൊടുത്തത്. അതുകൊണ്ടുതന്നെയാണ് രാജ്യം 2002ൽ അദ്ദേഹത്തിന് മാർഷൽ പദവിനൽകി ആദരിച്ചതും. യുദ്ധവീരനെന്നാണ് കാലം ഇനിയെന്നും അർജൻ സിംഗിനെ ഓർക്കുക.