റോഹിങ്ക്യകളോട് അനുഭാവം ബി.ജെ.പി വനിതാ നേതാവിനെ സസ്പെൻഡ് ചെയ്തു

ഗോഹട്ടി : റോഹിങ്ക്യ അഭയാർത്ഥികൾക്കായി ശബ്ദമുയർത്തിയ ബി.ജെ.പിയുടെ അസം സംസ്ഥാന എക്സിക്യുട്ടീവ് അംഗം ബേനസീർ അർഫാനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.റോഹിങ്ക്യകളെ അവഗണിക്കുന്ന മ്യാൻമർ സർക്കാർ നടപടിക്കെതിരെ ശനിയാഴ്ച ഗോഹട്ടിയിൽ യുനൈറ്റഡ് മൈനോറിറ്റി പീപ്പിൾസ് ഫോറം എന്ന എൻ.ജി.ഒ പ്രത്യേക പ്രാർത്ഥന സംഘടിപ്പിച്ചിരുന്നു. ഈ പ്രതിഷേധ യോഗത്തിൽ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് ബേനസീർ അർഫാന ഫേസ്ബുക്കിൽ ഒരു കുറിപ്പെഴുതിയിരുന്നു. ഇതിനെതിരെ ബി.ജെ.പി വൃത്തങ്ങളിൽ നിന്നും സർക്കാരിൽ നിന്ന് തന്നെയും പ്രതിഷേധമുയർന്നു. തൊട്ടുപിന്നാലെ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ദിലീപ് സൈക്കിയ അർഫാനയെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തുകൊണ്ട് കത്ത് നൽകുകയായിരുന്നു.
അതേസമയം, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ നടത്തിയ അഴിമതി പുറത്തുവരാതിരിക്കാനാണ് തനിക്കെതിരായ നടപടിയെടുത്തതെന്നാണ് അർഫാന പ്രതികരിച്ചത്.