നരോദാ ഗാം കലാപം : കോട്നാനി നിയമസഭയിലുണ്ടായിരുന്നെന്ന് അമിത് ഷാ

അഹമ്മദാബാദ് : ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ നരോദാ ഗാം കലാപക്കേസിലെ മുഖ്യപ്രതിയായ മായ കോട്നാനിക്കനുകൂലമായി കോടതിയിൽ മൊഴി നൽകി. നരോദാ ഗാമിൽ കലാപം നടക്കുന്പോൾ മായ കോട്നാനി അവിടെ ഉണ്ടായിരുന്നില്ല. രാവിലെ 8:30 മുതൽ അവർ നിയമസഭയിലായിരുന്നെന്നും പിന്നീട് ഒരു മണിക്കൂർ കഴിഞ്ഞ് താൻ ആശുപത്രിയിൽ എത്തിയപ്പോൾ കോട്നാനിയെ കണ്ടിരുന്നെവെന്നാണ് അമിത് ഷാ മൊഴി നൽകിയത്.
നരോദാ ഗാമിൽ 11 മുസ്ലിങ്ങൾ കലാപത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയാണ് ഗുജറാത്ത് മുൻ മന്ത്രിയായ മായ കോട്നാനി. കോട്നാനിയുടെ അഭിഭാഷകൻ നൽകിയ അപേക്ഷ പരിഗണിച്ച് കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയുടെ ആവശ്യത്തെ തുടർന്നാണ് അമിത് ഷാ കോടതിയിൽ നേരിട്ട് ഹാജരായി മൊഴി നൽകിയത്. കൃത്യം നടക്കുന്ന സമയത്ത് താൻ നരോദാ ഗാമിൽ ഇല്ലായിരുന്നു എന്നതിന് തെളിവായി 14 സാക്ഷികളെ വിസ്തരിക്കാൻ മായ കോട്നാനി അനുമതി തേടിയിരുന്നു. ഇവരിലൊരാളാണ് അമിത് ഷാ.
97 പേരെ കൊലപ്പെടുത്തിയ നരോദപാട്യ കൂട്ടക്കൊലയിൽ കോട്നാനിയെ നേരത്തെ 28 വർഷം തടവിന് ശിക്ഷിച്ചിരുന്നു. എന്നാൽ അനാരോഗ്യം ചൂണ്ടിക്കാട്ടി ഹൈക്കോടതി ഇവർക്ക് സ്ഥിര ജാമ്യം നൽകുകയായിരുന്നു. ഈ കേസിന്റെ അപ്പീലിൽ ഹൈക്കോടതി വാദം കേട്ട് വിധി പറയാൻ വച്ചിരിക്കുകയാണ്. അനന്തമായി നീട്ടിക്കൊണ്ടു പോകാതെ, നാലു മാസത്തിനുള്ളിൽ കേസിൽ വിധിപറയണമെന്ന് നേരത്തെ സുപ്രീംകോടതി, വിചാരണാക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു.