ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ പി.എസ്.സിയുടെ അശ്രദ്ധ ഉദ്യോഗാർത്ഥികളെ വലയ്ക്കുന്നു

പത്തനംതിട്ട : ഒഴിവുകൾ പി.എസ്.സിക്ക് വകുപ്പുമേധാവികൾ റിപ്പോർട്ട് ചെയ്യുന്നതിലെ അശ്രദ്ധ ഉദ്യോഗാർത്ഥികളെ വലയ്ക്കുന്നതായി ആക്ഷേപം. യഥാർത്ഥ ഒഴിവുകളെക്കാൾ അധികം പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തു. ഈ ഒഴിവുകളുടെ അടിസ്ഥാനത്തിൽ പി.എസ്.സി റാങ്ക് ലിസ്റ്റിൽപെട്ടവർക്ക് നിയമന ശുപാർശ അയയ്ക്കുകയും ചെയ്തു.
എന്നാൽ തസ്തിക ഒഴിവ് ഇല്ലാത്തതിനാൽ നിയമന ഉത്തരവ് ലഭിച്ചില്ല. ബന്ധപ്പെട്ട വകുപ്പിൽ നിന്നും നിയമന ഉത്തരവ് ലഭിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരുന്ന ഉദ്യോഗാർത്ഥി ഏറെക്കാലം കഴിഞ്ഞും അത് ലഭിക്കാത്തതിനാൽ അന്വേഷിച്ചെത്തിയപ്പോഴാണ് നിലവിൽ ഒഴിവില്ലാത്ത തസ്തികയിലേക്കാണ് അഡ്വൈസ് മെമ്മോ കിട്ടിയതെന്നറിയുന്നത്.
പത്തനംതിട്ട ജില്ലയിൽ ട്രഷറി വകുപ്പിലാണ് ഈ ക്രമക്കേട് നടന്നത്. ഓഫീസ് അറ്റന്റൻഡിന്റെ ഒരു ഒഴിവു മാത്രം ഉണ്ടായിരിക്കെ രണ്ട് ഒഴിവുണ്ടെന്ന് കാട്ടി ജില്ലാട്രഷറി ഓഫീസർ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ പി.എസ്.സി രണ്ട് പേർക്ക് അഡ്വൈസ് മെമ്മോ അയയ്ക്കുകയും ചെയ്തു.
എന്നാൽ നിയമന ഉത്തരവ് ലഭിക്കാത്തതിനെ തുടർന്ന് ഉദ്യോഗാർത്ഥികൾ അന്വേഷിച്ചപ്പോഴാണ് ട്രഷറി ഓഫീസിലെ ക്രമേക്കേട് പുറത്തറിഞ്ഞത്. ഇതേതുടർന്ന് ട്രഷറി ഡയറക്ടർക്കും പി.എസ്.സി ചെയർമാനും പരാതി നൽകി.
ഔദ്യോഗിക കൃത്യ നിർവ്‍വഹണത്തിൽ വീഴ്ച്ചവരുത്തിയവരെ ഭരണാനുകൂല സംഘടനാ സ്വാധീനത്തിൽ സംരക്ഷിക്കാനും ശ്രമം നടത്തി. പി.എസ്.സിയാവട്ടെ ഒരാളുടെ ആദ്യനിയമന ശുപാർശ റദ്ദാക്കുകയും റാങ്ക് ലിസ്റ്റിൽ മുന്നിലുണ്ടായിരുന്ന ആളെ നിയമിക്കുകയും ചെയ്തതായാണ് സൂചന.