ബിഎസ്‌പി നേതാവ് മായാവതി എംപി സ്ഥാനം രാജിവച്ചു


ന്യൂഡൽഹി : ദലിതർക്കു നേരെയുള്ള അക്രമങ്ങളിൽ പ്രതിഷേധിച്ചും രാജ്യസഭയിൽ വിഷയം ഉന്നയിക്കാൻ സമയം അനുവദിക്കാതിരുന്നതിലും പ്രതിഷേധിച്ച് ബിഎസ്‌പി നേതാവ് മായാവതി പാർലമെന്റ് അംഗത്വം രാജിവച്ചു. ഉപരാഷ്ട്രപതി ഹാമീദ് അൻസാരിക്ക് രാജിക്കത്ത് കൈമാറി. യുപിയിലെ ഷഹറൻപുരിൽ ദലിതർ‌ക്കു നേരെ നടന്ന അക്രമം രാജ്യസഭയിൽ ചർച്ച ചെയ്യണമെന്ന് മായാവതി രാവിലെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിന് തയാറാകാത്തതിൽ പ്രതിഷേധിച്ച് സഭയിൽനിന്ന് ഇറങ്ങിപ്പോയിരുന്നു.

കാലാവധി പൂർത്തിയാക്കാൻ ഒൻപതു മാസം ബാക്കിയുള്ളപ്പോഴാണ് മായാവതിയുടെ രാജി. സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാനാണ് മായാവതിയുടെ തീരുമാനമെന്നറിയുന്നു. സംസാരിക്കാൻ അനുവദിച്ചില്ലെങ്കിൽ ഇപ്പോൾത്തന്നെ രാജിവയ്ക്കുമെന്ന് രാജ്യസഭയിൽവച്ച് മായാവാതി പ്രഖ്യാപിച്ചിരുന്നു. ബിജെപി വർഗീയത വളർത്തുകയാണെന്ന് ആരോപിച്ചായിരുന്നു മായാവതിയുടെ പ്രതിഷേധം. രാജ്യമെമ്പാടും ദളിതർക്കും ന്യൂനപക്ഷങ്ങൾക്കും എതിരായി ആക്രമങ്ങൾ വർധിക്കുകയാണ്. ഗോസംരക്ഷണത്തിന്റെ പേരിലും രാജ്യത്ത് ആക്രമങ്ങൾ വർധിക്കുകയാണ്. ഇത്തരം കാര്യങ്ങളിൽ കേന്ദ്ര സർക്കാർ യാതൊരു പ്രതികരണവും നടത്തുന്നില്ലെന്നും മായാവതി ആരോപിച്ചു.

സഭയെ അവഹേളിച്ചതിന് മായാവതി മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്‍വി ആവശ്യപ്പെട്ടു. മായാവതി ഉന്നയിച്ച വിഷയങ്ങൾ ഗൗരവമുള്ളതാണെന്നും ദളിതരും ന്യൂനപക്ഷവും അപകടത്തിലാണെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറം യച്ചൂരി അഭിപ്രായപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed