നീതി ആയോഗിനെതിരെ ബിജെപി തൊഴിലാളി സംഘടന രംഗത്ത്

ന്യൂഡൽഹി : നീതി ആയോഗിനെതിരെ ബിജെപി തൊഴിലാളി സംഘടനയായ ബിഎംഎസ് രംഗത്ത്. ജനവിരുദ്ധമായ പരിപാടികള്‍ നടപ്പാക്കുന്ന തലതിരിഞ്ഞ സ്ഥാപനം ഉടച്ചുവാര്‍ക്കണമെന്നും, രാജ്യത്ത് സാധാരണക്കാരെ കേന്ദ്രീകരിച്ചുള്ള ഭരണം നടപ്പാക്കണമെന്നും കാണ്‍പൂരില്‍ നടന്ന ബിഎംഎസ് ദേശീയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ആസൂത്രണ കമ്മീഷന്‍ പിരിച്ചുവിട്ട് നരേന്ദ്രമോദി സര്‍ക്കാരാണ് നീതി ആയോഗ് രൂപീകരിച്ചത്.
ദൂര വ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന നിര്‍ദേശങ്ങളാണ് നീതി ആയോഗ് മുന്നോട്ടുവെച്ചിട്ടുള്ളതെന്നും, അവ നടപ്പാക്കരുതെന്നും ബിഎംഎസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നീതി ആയോഗ് മുന്നോട്ടുവെയ്ക്കുന്ന നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനും സമ്മേളനം തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യപടിയായി ജൂണ്‍ 22, 23 തീയതികളില്‍ രാജ്യത്തെ എല്ലാ ജില്ലകളിലും യോഗങ്ങള്‍ വിളിച്ചുചേര്‍ക്കും.
കരാര്‍ തൊഴിലാളികള്‍ക്ക് തുല്യജോലിയ്ക്ക് തുല്യവേതനം നല്‍കണമെന്ന സുപ്രിംകോടതി ഉത്തരവ് എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധത്തിന് തുടക്കം കുറിയ്ക്കുന്നതെന്ന് ബിഎംഎസിന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സജി നാരായണന്‍ അറിയിച്ചു.