കല്ലേറും ബസ് കത്തിക്കലും ലാത്തിച്ചാര്‍ജ്ജും: ബെംഗളൂരു കത്തുന്നു


ബംഗളൂരു: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടില്‍ നിന്ന് തുക പിന്‍വലിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന പുതിയ നിയമ ഭേദഗതി സമരത്തിന് വഴിവച്ചത് . തൊഴിലുടമ അടക്കുന്ന വിഹിതം ഉള്‍പ്പെടെയുള്ള മുഴുവന്‍ പി.എഫ് തുക 58 വയസ് കഴിഞ്ഞാലേ പിന്‍വലിക്കാനാവൂ എന്നതാണ് പുതിയ ഭേദഗതി. 54 വയസ് പൂര്‍ത്തിയാകുമ്പോള്‍ പി.എഫിന്റെ 90 ശതമാനവും പിന്‍വലിക്കാമെന്നായിരുന്നു ഇതുവരെയുള്ള വ്യവസ്ഥ. വിരമിച്ച് ഒരു വര്‍ഷത്തിനകം ബാക്കിയുള്ള തുകയും പിന്‍വലിക്കാമായിരുന്നു. പ്രോവിഡന്റ് ഫണ്ട് ഭേദഗതിക്കെതിരെ ബംഗളൂരു നഗരത്തിലെ വസ്ത്രനിര്‍മാണ തൊഴിലാളികള്‍ നടത്തുന്ന പ്രതിഷേധം രണ്ടാം ദിവസവും തുടരുന്നു. ഹൊസൂര്‍ റോഡിലും ബൊമ്മന്‍ഹള്ളിയിലും നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ അക്രമാസക്തമായി. പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ കത്തിക്കുകയും ബസിന് നേരെ കല്ലെറിയുകയും ചെയ്തു.

മൈസൂരു-ബംഗളൂരു ഹൈവേ പ്രതിഷേധക്കാര്‍ ഉപരോധിച്ചതോടെ വാഹന ഗതാഗതവും സ്തംഭിച്ചു.  പതിനായിരത്തിലേറെ തൊഴിലാളികളാണ് പുതിയ കേന്ദ്രനിയമത്തിനെതിരെ തെരുവിലിറങ്ങിയത്. കഴിഞ്ഞദിവസവും തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു.ജാലഹള്ളിയില്‍ മൂന്ന് ബസുകള്‍ക്ക് പ്രതിഷേധക്കാര്‍ തീയിട്ടു. ഷാഹി എക്‌സ്‌പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ്, കെ. മോഹന്‍ ആന്‍ഡ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, ജോക്കി എന്നീ കമ്പനികളിലെ തൊഴിലാളികളാണ് നിരത്തിലിറങ്ങിയത്. റോഡില്‍ തീയിട്ടും മറ്റും പ്രതിഷേധക്കാര്‍ തടസ്സങ്ങള്‍ തീര്‍ത്തതും ദുരിതമായി. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പ്രദേശത്തെ കടകളും ഷോപ്പുകളും അടച്ചു. 300 പൊലീസുകാരെ സംഭവസ്ഥലത്ത് നിയോഗിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. ബാരിക്കേഡുകള്‍ ഉപയോഗിച്ച് തടയാന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞതോടെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പ്രതിഷേധം വ്യാപിച്ചതോടെ മെട്രോ സര്‍വീസുകള്‍ റദ്ദാക്കി.
 

പ്രോവിഡന്റ് ഫണ്ട് വിഷയത്തിലെ പുതിയനയത്തിനെതിരെ ഈ മാസം 26ന് രാജ്യത്തെ ട്രേഡ് യൂണിയന്‍ തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്. ഇതില്‍ പുതിയ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. ഒപ്പുശേഖരണ കാമ്പയിനും ഇവര്‍ തുടക്കമിട്ടിട്ടുണ്ട്. ലക്ഷ കണക്കിനാളുകളുടെ ഒപ്പുകള്‍ അടങ്ങുന്ന നിവേദനം പ്രധാനമന്ത്രിക്ക് കൈമാറുമെന്നും തൊഴിലാളികള്‍ വ്യക്തമാക്കി.


 

You might also like

Most Viewed