പരവൂർ ദുരന്തം: കരാറുകാരന്റെ മകന്‍ പോലീസ് പിടിയില്‍

തിരുവനന്തപുരം : പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് കരാറുകാരന്‍ സുരേന്ദ്രന്റെ മകന്‍ ദീപു പോലീസ് പിടിയില്‍. കഴക്കൂട്ടത്തെ ഒളിസങ്കേതത്തില്‍ നിന്ന് ക്രൈംബ്രാഞ്ച് ദീപുവിനെ പിടികൂടുകയായിരുന്നു. വെടിക്കെട്ട് അപകടത്തെ തുടര്‍ന്ന് ദീപു ഒളിവില്‍ കഴിയുകയായിരുന്നു. ഇതേ സമയം അപകടത്തില്‍ 90 ശതമാനം പൊള്ളലേറ്റ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസമാണ് മരിച്ചത്. സുരേന്ദ്രന്റെ മറ്റൊരു മകന്‍ ഉമേഷ് പൊള്ളലേറ്റതിനെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയില്‍ ചികിത്സയിലാണ്. ഇതേ സമയം മറ്റൊരു കരാറുകാരനായ കൃഷ്ണന്‍കുട്ടിയുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് കോടതി ഈ മാസം 29 ലേക്ക് മാറ്റി. ക്രൈംബ്രാഞ്ചിന്റെ വിശദീകരണം ലഭിക്കാനാണ് ഹര്‍ജി മാറ്റിയത്. വെടിക്കെട്ട് ദുരന്തത്തെ കുറിച്ച് കേന്ദ്രസര്‍ക്കാരിന് സംസ്ഥാനം റിപ്പോര്‍ട്ട് കൈമാറി. ദുരന്ത നിവാരണ വിഭാഗം അഡീഷനല്‍ സെക്രട്ടറി ബികെ പ്രസാദിനാണ് റിപ്പോര്‍ട്ട് കൈമാറിയത്. അപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടവുമായി ബന്ധപ്പെട്ട് നേരത്തെ മൂന്നുപേരെ പോലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കരാറുകാരനായ വര്‍ക്കല കൃഷ്ണന്‍ കുട്ടിയുടെ തൊഴിലാളികളായ പത്തനാപുരം തലവൂര്‍ ഞാറയ്ക്കല്‍ കൊച്ചൂട്ടി കുളമുടി വീട്ടില്‍ സജി ബേബി( തോമസ് കുട്ടി), സഹോദരന്‍ സൈബു ബേബി(33) തലവൂര്‍ അരിയന്‍കട ഉപ്പുഴിവയല്‍ അജിത് ഭവനില്‍ അജി(36) എന്നിവരെയാണ് പോലീസ് പിടികൂടിയിരുന്നത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 22 ആയി.